ന്യൂഡല്‍ഹി: സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് പരിശാധന നടത്തുന്നത്. ന്യൂസ് ക്ലിക്കിലെ പ്രതിനിധി ഇവിടെ താമസിക്കുന്നവെന്ന് ആരോപണം പശ്ചാത്തലത്തിലാണ് റെയ്ഡ്. ദില്ലി ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെ വസതികളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി വരികയാണ്.
അതിനിടെയാണ് സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസെത്തിയത്.
യെച്ചൂരിയുടെ കാനിംഗ് റോഡിലെ വസതിയിലാണ് പൊലീസ് പരിശോധന. എന്നാല്‍ യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചത്.
പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെ ഇഡി അന്വേഷണത്തില്‍ മനസ്സിലായത്. എഫ്‌സിആര്‍എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.
ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു. റെയ്ഡിന്റെ വിശദാംശങ്ങള്‍
സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Post a Comment