ചെസ്‌ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ടി.എൻ.അബ്ദുൽ സലീമിന്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ട്രോഫി സമ്മാനിക്കുന്നു. 

ഓമശ്ശേരി: പത്ത്‌ ദിവസം നീണ്ടു നിന്ന ഓമശ്ശേരി പഞ്ചായത്ത്‌തല കേരളോൽസവം സമാപിച്ചു.പഞ്ചായത്ത്‌ ഹാളിൽ നടന്ന ആവേശകരമായ ചെസ്‌ മൽസരത്തോടെയാണ്‌ കേരളോൽസവത്തിന്‌ പരിസമാപ്തി കുറിച്ചത്‌.

ഫുട്‌ബോൾ മൽസരത്തിൽ മാസ്ക്‌ മുണ്ടുപാറ ഒന്നാം സ്ഥാനവും അവെന്റ്‌ പുറായിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വോളിബോൾ മൽസരത്തിൽ സമീക്ഷ ഓമശ്ശേരിയാണ്‌ ജേതാക്കളായത്‌.പ്രതീക്ഷ നടമ്മൽ പൊയിലിന്‌ രണ്ടാം സ്ഥാനം ലഭിച്ചു.ബാഡ്‌ മിന്റൺ മൽസരത്തിൽ ഷട്ടിലേഴ്സ്‌ ക്ലബ്‌ ഓമശ്ശേരി ഒന്നാമതെത്തി.

അത്‌ലറ്റിക്സ്‌ മൽസരങ്ങൾ കൂടത്തായി സെന്റ്‌ മേരീസ്‌ സ്കൂൾ ഗ്രൗണ്ടിലും ആർട്സ്‌ മൽസരങ്ങളും മെഹന്തി ഫെസ്റ്റും ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറി.

ഓമശ്ശേരിയിലെ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ്‌ മൽസരത്തിൽ സമീക്ഷ ഓമശ്ശേരി ഒന്നാം സ്ഥാനവും ചലഞ്ചേഴ്സ്‌ ഓമശ്ശേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നീന്തൽ മൽസരം വേനപ്പാറയിൽ വെച്ചാണ്‌ നടന്നത്‌.ഒക്ടോബർ 31 വരെ ബ്ലോക്‌ തല മൽസരങ്ങളും നവംബർ 1 നും 15 നുമിടയിൽ ജില്ലാ തല മൽസരങ്ങളും നവംബർ 16 നും 30 നുമിടയിൽ സംസ്ഥാന തല മൽസരങ്ങളും നടക്കും.

കേരളോൽസവത്തിലെ സംസ്ഥാനതല വിജയികൾ കേന്ദ്ര കായിക യുവജന മന്ത്രാലയം ജനുവരി 12 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ദേശീയ യുവോൽസവത്തിൽ മാറ്റുരക്കും.

പഞ്ചായത്ത്‌ ഹാളിൽ നടന്ന സമാപന ചടങ്ങിൽ ചെസ്‌ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടി.എൻ.അബ്ദുൽ സലീമിന്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസറും രണ്ടാം സ്ഥാനം ലഭിച്ച വികാസ്‌.സി.വിജയിന്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്കും ബെസ്റ്റ്‌ ചലഞ്ചറായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.ഫാസിൽ പുത്തൂരിന്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടിയും ട്രോഫികൾ സമ്മാനിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,സംഘാടക സമിതി കൺവീനർ പി.എ.ഹുസൈൻ മാസ്‌റ്റർ എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post