കൊച്ചി: ഭാര്യക്ക്​ പാചകമറിയാത്തത്​ വിവാഹ മോചനത്തിന്​ മതിയായ കാരണമല്ലെന്ന് ഹൈകോടതി. ഭാര്യ പാചകം ചെയ്യാത്തതും ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹ മോചനത്തിന്​ കാരണമാകുന്ന ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. വിവാഹ മോചന ഹരജി കുടുംബ കോടതി തള്ളിയതിനെതിരെ തൃശൂർ സ്വദേശിയായ യുവാവ് നൽകിയ അപ്പീൽ നിരസിച്ചാണ്​ ഉത്തരവ്​.

2012 മേയിൽ വിവാഹിതനായി ഏഴു മാസത്തിനു ശേഷം നിസ്സാര കാരണങ്ങളുടെ പേരിൽ ഭാര്യ വഴക്കിട്ട് വീട്ടിൽ പോയെന്നും ബന്ധുക്കളുടെ മുന്നിൽ അപമാനിക്കുന്ന തരത്തിലാണ് പെരുമാറിയിരുന്നതെന്നുമാണ് വിദേശത്തു ജോലി ചെയ്തിരുന്ന ഹരജിക്കാരന്റെ വാദം. വിദേശത്തെ ജോലി കളയാൻ തൊഴിലുടമക്ക്​ ഭാര്യ ഇ-മെയിലിൽ പരാതി അയച്ചെന്നും ഹരജിക്കാരൻ ആരോപിച്ചു. ഒരിക്കൽ ശരീരത്തിൽ തുപ്പിയ ഭാര്യ പിന്നീട് മാപ്പു പറഞ്ഞു. വനിത സെല്ലിലും കോടതിയിലും പരാതി നൽകിയതും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ, ഭർത്താവിന്‍റെ പെരുമാറ്റ വൈകല്യം പരിഹരിക്കാൻ സഹായം തേടിയാണ് ഗൾഫിലെ തൊഴിലുടമക്ക്​ ഇ-മെയിൽ അയച്ചതെന്നാണ്​ ഭാര്യയുടെ വിശദീകരണം. ഇ-മെയിൽ സന്ദേശം പരിശോധിച്ച ഹൈകോടതിയും ശരിവെച്ചു. തന്നെ ശാരീരികമായി അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും പതിവാണെന്നും ഭാര്യ ആരോപിച്ചു.

ഭർത്താവിന്റെ മാനസിക പ്രശ്നങ്ങൾക്ക്​ ഡോക്ടർമാരെ കണ്ടു മരുന്നു വാങ്ങിയെങ്കിലും തുടർച്ചയായി കഴിക്കാൻ തയാറാകുന്നില്ലെന്നും വ്യക്തമാക്കി.

ർത്താവിന്റെ അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു. താൻ സ്വയം ഇറങ്ങിപ്പോയിട്ടില്ല. വൈവാഹിക അവകാശം സ്ഥാപിച്ചുകിട്ടാൻ നൽകിയ ഹരജിക്കൊപ്പമാണ്​ ഹരജിക്കാരന്റെ വിവാഹ മോചന ഹരജിയും കുടുംബ കോടതി പരിഗണിച്ചതെന്നും ഭാര്യ വ്യക്തമാക്കി. ഭാര്യയുടെ വാദങ്ങൾ അംഗീകരിച്ച ​ഡിവിഷൻ ബെഞ്ച്​ കുടുംബ കോടതി ഉത്തരവിൽ അപാകതയില്ലെന്ന് വിലയിരുത്തി അപ്പീൽ തള്ളുകയായിരുന്നു.

Post a Comment

Previous Post Next Post