ബെംഗളുരു: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന സുപ്രധാന ഗഗൻയാൻ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഐസ്ആർഒ. ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് മാറ്റിവെച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് 8.30 ഓടെയായിരുന്നു പരീക്ഷണ വിക്ഷേപണം നടക്കേണ്ടിയിരുന്നത്. എഞ്ചിൻ ജ്വലനം സാധ്യമാകാത്തതാണ് പരീക്ഷണ വിക്ഷേപണത്തിന് പ്രതിസന്ധിയായത്.
ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടക്കാനിരുന്നത്. മനുഷ്യരെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് താഴെ ഇറക്കുകയാണ് ഗഗൻയാന്റെ ദൗത്യം. വിക്ഷേപണം നടത്തിയതിന് ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാൽ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങൾ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാൻ ആണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.
Post a Comment