തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. നൂറ്റാണ്ടുകളുടെ കിനാവാണ് സാക്ഷാത്കരിക്കപ്പെട്ടത്. 1995 മുതലുള്ള എല്ലാ സർക്കാരുകളും വ്യത്യസ്ത തരങ്ങളിലും തലങ്ങളിലും ഈ സ്വപ്നം പൂർത്തിയാക്കാൻ നടത്തിയ ഇടപെടലുകളുടെ തുടർച്ചയും വിജയവുമാണ് ഈ ദിനമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമുൾപ്പെടെയുള്ള കാരണങ്ങൾ തുറമുഖത്തിന്റെ നിർമാണ പ്രവൃത്തികളെ സാരമായി ബാധിച്ചു. എന്നാൽ എല്ലാ തടസങ്ങളെയും അതിജീവിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതിലേക്ക് സർക്കാർ എത്തി. അതിന്റെ ആദ്യപടിയാണ് പദ്ധതിക്കാവശ്യമായ ക്രെയിനുകൾ വഹിച്ച് ഇന്ന് നാം സ്വീകരിച്ച ഷെൻഹുവ കപ്പൽ. 104 മീറ്റർ ഉയരമുള്ള 8 പനാമ ക്രെയിനുകളും 26 ചെറുക്രെയിനുകളുമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ക്രെയിനാണ് എത്തിയിട്ടുള്ളത്. വരും ദിനങ്ങളിൽ ബാക്കി ക്രെയിനുകളുമായി കപ്പലുകൾ എത്തിച്ചേരും.
രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ കവാടമാകാൻ തക്ക പ്രത്യേകതകളുള്ള തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ ചാലുമായുള്ള അടുപ്പവും കടലിന്റെ സ്വാഭാവിക ആഴവും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. 400 മീറ്റർ നീളമുള്ള 5 ബർത്തുകളും 3 കിമീ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണ് വിഴിഞ്ഞത്ത് വിഭാവനം ചെയ്തിരിക്കുന്നത്. 2024 മെയിൽ തുറമുഖം വ്യാവസായിക അടിസ്ഥാനത്തിൽ ഒരുക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളെല്ലാം സമയക്ലിപ്തമായി പൂർത്തിയാക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post a Comment