റഫ: ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണസംഖ്യ ഉയരുന്നു. ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു. ഗാസയില്‍ കടന്നുകയറി റെയ്ഡുകള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും ഇസ്രയേല്‍ അറിയിച്ചു. ഗാസയ്ക്കുള്ളിലെ റെയ്ഡ് ഹമാസ് സംഘങ്ങളെ കണ്ടെത്താനും ആയുധങ്ങള്‍ പിടിച്ചെടുക്കാനുമാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇതിനിടെ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമെന്ന് ഹമാസ് ആരോപിച്ചിട്ടുണ്ട്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം ഇതിനകം 1799 പേര്‍ കൊല്ലപ്പെടുകയും 6388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 46 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ഭാഗത്ത് 1300 കൊല്ലപ്പെട്ടപ്പോള്‍ 3400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ 4.23 ലക്ഷം ജനങ്ങള്‍ വീടും പരിസരവും ഉപേക്ഷിച്ച് പലായനം ചെയ്തു. ഗാസയിലെ ആകെയുള്ള 2.3 മില്യണ്‍ ജനങ്ങളില്‍ 47% കുട്ടികളാണ്. യുദ്ധക്കെടുതികള്‍ രൂക്ഷമായതോടെ 1.7 മില്യണ്‍ ജനങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ്.
ഗാസയില്‍ മരണസംഖ്യ ഉയരുന്നതിനൊപ്പം വ്യാപക നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. 22600 പാര്‍പ്പിട യൂണിറ്റുകളാണ് ഇതുവരെ ആക്രമണത്തില്‍ തകര്‍ന്നത്. 90 വിദ്യാഭ്യാസ സ്ഥാപനങ്ങളും 18 ആരാധനാലയങ്ങളും ആക്രമണത്തില്‍ തകര്‍ത്തു. ആക്രമണങ്ങളില്‍ 11 മോസ്‌കുകള്‍ പൂര്‍ണ്ണമായി തകര്‍ത്തു. 19 ആ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത നിലയില്‍ ആക്രമണം ഉണ്ടായി. 20 ആംബുലന്‍സുകള്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ 70 വ്യാവസായിക കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. 49 മാധ്യമ ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇതിനിടെ 24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കൈയ്യില്‍ കിട്ടിയതെല്ലാം വാരിക്കെട്ടി ജനങ്ങള്‍ തെക്കോട്ട് കൂട്ട പലായനം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പതിനായിരങ്ങള്‍ ഇതിനകം തന്നെ തെക്കോട്ട് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ അന്ത്യശാസനം അവഗണിക്കണമെന്ന് ഹമാസ് നേതൃത്വം കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുമ്പോഴും യുദ്ധം നിര്‍ത്താനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് ഖത്തര്‍. ഗാസയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ദോഹയില്‍ ചര്‍ച്ച നടത്തി. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളുമായി ചര്‍ച്ചക്കെത്തിയ ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യയിലെത്തി. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ സൗദി വിദേശകാര്യ മന്ത്രി കടുത്ത വിമര്‍ശനമാണ് ആന്റണി ബ്ലിങ്കന് മുന്നില്‍ ഉന്നയിച്ചത്.
പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ നേരത്തെ സൗദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
Post a Comment