സിൽക്യാര (ഉത്തരകാശി): രാജ്യത്തിന്‍റെ പ്രാർഥന കേട്ടു, മരണമുഖത്തുനിന്ന് ഒടുവിൽ ആ 41 തൊഴിലാളികൾ ജീവിതത്തിലേക്ക്. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തിനുശേഷം സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുന്ന ദൗത്യം പുരോഗമിക്കുകയാണ്.
ഗണപതി, വിജയ് എന്നീ തൊഴിലാളികളെയാണ് ആദ്യം പുറത്തെത്തിച്ചത്. കുഴൽപാതയിലുടെ പുറത്ത് എത്തിക്കുന്ന തൊഴിലാളികൾക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകാനായി തുരങ്കത്തിനകത്ത് എട്ട് കിടക്കകളുള്ള താൽക്കാലിക ഡിസ്പെൻസറിയൊരുക്കിയിട്ടുണ്ട്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൊഴിലാളികളെ തുരങ്കമുഖത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചിന്യാലി സോർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ അവിടെ നിന്ന് ഋഷികേശ് എയിംസിലേക്ക് മാറ്റും. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റാൻ മൂന്ന് ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കയറ്റിയിട്ടുണ്ട്. ദീപാവലി നാളിൽ തുരങ്കമിടിഞ്ഞ് അകത്തു കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള കുഴൽ പാത ചൊവ്വാഴ്ച ഉച്ചക്ക് 1.10നാണ് ലക്ഷ്യം കണ്ടത്.
കുഴൽപാത ലക്ഷ്യത്തിലെത്തിയതോടെ തൊളിലാളികൾ തുരങ്കത്തിനകത്ത് നിന്ന് ഹർഷാരവം മുഴക്കി.
മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയും കേന്ദ്ര മന്ത്രി വി.കെ. സിങ്ങും തൊഴിലാളികളെ സ്വീകരിക്കാൻ തുരങ്കത്തിനടുത്ത് കാത്തിരുന്നു.
വ്യോമമാർഗം എത്തിച്ച യന്ത്രങ്ങൾ ഉപയോഗിച്ച് തൊഴിലാളികൾ കുഴൽപാതക്കായി തുരന്നുതുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായത്. 32 ഇഞ്ച് വ്യാസമുള്ള കുഴൽപാതക്കകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങൾ ഉപയോഗിച്ച് തുരപ്പിച്ചാണ് കുഴൽപാതയുടെ അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കിയത്.
Post a Comment