മോഷ്ടിച്ച ബൈക്ക് മറ്റാർക്കും കൈമാറിയിട്ടില്ലെന്ന് ഒന്നിനുപിറകെ ഒന്നായി പതിഞ്ഞ ചിത്രങ്ങൾ വ്യക്തമാക്കുന്നു
കാഞ്ഞങ്ങാട്:
ബൈക്ക് മോഷ്ടാക്കളെ തേടിയുള്ള അന്വേഷണം എവിടെ തുടങ്ങണം, എങ്ങോട്ട് പോകണമെന്നൊക്കെ ചിന്തിച്ച് തലപുകച്ച പോലീസിന് വ്യക്തമായ 'റൂട്ട് മാപ്പ്' നൽകി എ.ഐ. ക്യാമറകൾ. കാഞ്ഞങ്ങാട്ടുനിന്ന് മോഷ്ടിച്ച ബൈക്ക് കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്നാണ് എ.ഐ. ക്യാമറ ഉടമയെ 'അറിയിച്ചത്'. ഹെൽമെറ്റിടാതെ യാത്രചെയ്യുന്നവരുടെ വ്യക്തമായ ചിത്രം സഹിതമാണ് എ.ഐ. ക്യാമറയുടെ ഈ അറിയിക്കൽ.
മോഷ്ടിച്ച ബൈക്ക് മറ്റാർക്കും കൈമാറിയിട്ടില്ലെന്ന് ഒന്നിനുപിറകെ ഒന്നായി പതിഞ്ഞ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ബി.എം.എസ്. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ കെ.ഭാസ്കരന്റെ ബൈക്കാണ് മോഷണം പോയത്. ജൂൺ 27-ന് മടിക്കൈ ചെമ്പിലോട്ടെ വീട്ടിൽനിന്ന് പുതിയകോട്ടയിലെത്തിയ ഭാസ്കരൻ ബൈക്ക് ഇവിടത്തെ ഒരു കെട്ടിടത്തിന്റെ പാർക്കിങ് കേന്ദ്രത്തിൽ വച്ച് എറണാകുളത്തേക്ക് പോയി. മൂന്നുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബൈക്കില്ല.
ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണവുമായി എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുകയായിരുന്നു പോലീസ്. ഏതാനും ദിവസം മുൻപാണ് ഭാസ്കരന്റെ ഫോണിൽ ഇ-ചലാനെത്തുന്നത്. ബൈക്ക് നിർത്തിയിട്ട സ്ഥലത്തുനിന്ന് അധികം അകലെയല്ലാത്ത പുതിയകോട്ടയിലെ ക്യാമറയിൽ പതിഞ്ഞ ചിത്രമായിരുന്നു ആദ്യ ചലാനിലുണ്ടായിരുന്നത്. രണ്ടുപേർ ബൈക്കിലുണ്ടായതിനാൽ ഒരു ക്യാമറയിൽനിന്നുള്ള പിഴ 1000 രൂപ.
പിന്നാലെ കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട് ഇങ്ങനെ ഓരോ ഇടത്തെ ക്യാമറകളിൽ പതിഞ്ഞ ചിത്രം സഹിതമുള്ള ഇ-ചലാനെത്തി. ആകെ പിഴ 9,500 രൂപ. ഇ-ചലാന്റെ പകർപ്പുമായി ഭാസ്കരൻ വീണ്ടും ഹൊസ്ദുർഗ് സ്റ്റേഷനിലെത്തി. മോഷ്ടാക്കളെത്തേടി കോഴിക്കോട് ഭാഗത്തേക്ക് പോകുമെന്നും ഫോട്ടോയിൽ കാണുന്ന ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞാൽ പോലീസിന് വിവരം നൽകണമെന്നും ഹൊസ്ദുർഗ് എസ്.ഐ. കെ.പി.സതീഷ് അറിയിച്ചു.
കടപ്പാട് :മാതൃഭൂമി ന്യൂസ്
Post a Comment