തിരുവമ്പാടി: ഗ്രാമപഞ്ചായത്തിനെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി ഭരണസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ബസ്റ്റാന്റിൽ തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മെഴ്സി പുളിക്കാട്ട് ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അധ്യക്ഷനായി.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിസ്റ്റ് ഇൻഫർമേഷൻ സൊല്യൂഷൻസിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.
തിരുവമ്പാടി ബസ്റ്റാൻഡിൽ എത്തുന്ന ബസുകൾ വരുന്ന സമയവും പോകുന്ന സമയവും യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന വിധമാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.
മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏതു ബസ് സ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളിലെ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതോടെ ബസിന്റെ തൽസമയ വിവരങ്ങളും ഉടൻ ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പ്രധാന അറിയിപ്പുകളും പദ്ധതികളും ഡിസ്പ്ലേ ബോർഡ് വഴി ജനങ്ങൾക്ക് അറിയാനും സംവിധാനമുണ്ട്. തിരുവമ്പാടി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, പഞ്ചായത്ത് അംഗങ്ങളായ ലിസി സണ്ണി, ഷൈനി ബെന്നി, റീന, പി.ആർ അജിത സംസാരിച്ചു.
ഫോട്ടോ: തിരുവമ്പാടി ബസ്റ്റാന്റിൽ സ്ഥാപിച്ച തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മെഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Post a Comment