ഓമശേരി: രോഗികൾക്ക് വിവിധ സഹായങ്ങൾ എത്തിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് ഓമശേരി മേഖലാ കമ്മിറ്റി ഓമശേരിയിൽ നിർമിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സഹചാരി മെഡിക്കൽ സെൻ്റർ ഉദ്ഘാടനത്തിനൊരുങ്ങി.
മെഡിക്കൽ ലാബ്, ഫാർമസി,ഡോക്ടർമാരുടെ വിവിധ സേവനങ്ങൾ, കൗൺസിലിങ് സെൻ്റർ, രോഗികൾക്ക് ആവശ്യമായ വീൽചെയർ അടക്കമുള്ള വിവിധ ഉപകരണങ്ങൾ, ഫിസിയോതെറാപ്പി എന്നീ സേവനങ്ങളാണ് പൊതുജനങ്ങൾക്ക് സഹചാരി മെഡിക്കൽ സെൻ്റർ വഴി ആദ്യ ഘട്ടത്തിൽ ലഭ്യമാവുക.
ഹോം കെയർ, ഡേ കെയർ, ആംബുലൻസ്, ഡയാലിസിസ് തുടങ്ങിയവ ഭാവി പദ്ധതി കളാണ്.
പത്തു വർഷങ്ങൾക്ക് മുൻപാണ് മേഖല കമ്മിറ്റി സഹചാരി സമിതി രൂപീകരിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പുറമേ മേഖലയിലെ 34 യൂനിറ്റുകളെ ഉൾപ്പെടുത്തി പാവപ്പെട്ട രോഗികളെ കണ്ടെത്തി അവർക്ക് മാസംതോറും ആയിരം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തായിരുന്നു പ്രാരംഭ തുടക്കം. നിലവിൽ 40 ഓളം രോഗികൾക്ക് എല്ലാ മാസവും 1000 രൂപയുടെ മരുന്ന് സഹചാരി മെഡിക്കൽ സെൻ്റർ വഴി എത്തിച്ചു നൽകുന്നുണ്ട്.
ഓക്സിജൻ സിലിണ്ടറുകളും കട്ടിലുകളും ഉൾപ്പെടെ 20 ലക്ഷത്തോളം രൂപയുടെ വിവിധ മെഡിക്കൽ ഉപകരണങ്ങൾ നിലവിൽ മെഡിക്കൽ സെന്ററിന് കീഴിലുണ്ട്. കൂടുതൽ രോഗികളിലേക്ക് സഹായം എത്തിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ നാലു വർഷങ്ങൾക്കു മുൻപാണ് സഹചാരി മെഡിക്കൽ സെൻ്റർ എന്ന ആശയത്തിലേക്ക് മേഖല കമ്മിറ്റി എത്തുന്നത്.
തുടർന്ന് ഓമശേരി- കൊടുവള്ളി റോഡിൽ പുത്തൂർ വെള്ളാരംചാലിനടുത് ഏഴേ മുക്കാൽ സെൻ്റ് സ്ഥലം വില കൊടുത്തു വാങ്ങി അതിൽ കെട്ടിട നിർമാണം ആരംഭിക്കുകയായിരുന്നു.
മേഖല കമ്മിറ്റി ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് സ്ഥലം വാങ്ങി ബഹുനില കെട്ടിടം പണിതത്.
നവംബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ നടക്കുന്ന ചടങ്ങിൽ
സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, എം.കെ രാഘവൻ എം.പി, എം.കെ മുനീർ എം.എൽ.എ , പി ടി എ റഹീം എം.എൽ.എ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സൈനുൽ ആബിദീൻ സഫാരി, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ, എ.എം നൗഷാദ് ബാഖവി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി വനിതാ സന്ദർശനം, മജ്ലിസുന്നൂർ, വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം, ഇശൽ വിരുന്ന് എന്നിവ നടക്കും.
Post a Comment