പൊതുജനങ്ങൾ ഭൂമിയുടെ അതിർത്തികൾ കൃത്യമായി സ്ഥാപിച്ച രേഖകൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കണം


കോഴിക്കോട് :
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേ പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്യാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം ചേർന്നു.   

റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ വകുപ്പുകളുടെ പ്രവർത്തനങ്ങൾ  ഓൺലൈനായി  ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള രാജ്യത്തെ തന്നെ ബൃഹത് പദ്ധതിയാണ് ഡിജിറ്റൽ സർവ്വേ. 


പദ്ധതിയിൽ പ്രകാരം ജില്ലയിൽ തിക്കോടി വില്ലേജിന്റെ ഫീൽഡ് സർവ്വേ ജോലികൾ നൂറു ശതമാനവും പൂർത്തീകരിച്ച്  പൊതുജനങ്ങളിൽ നിന്നും 
ലഭ്യമായ ആക്ഷേപങ്ങൾ പരിഹരിച്ചു വരുന്നതായി 
ഉത്തരമേഖലാ സർവ്വേ ജോയിൻറ് ഡയറക്ടർ ഡി മോഹൻദേവ് അറിയിച്ചു.  

തുറയൂർ, തൂണേരി, ചെറുവണ്ണൂർ വില്ലേജുകളിൽ സർവ്വേ ഫീൽഡ് ജോലികൾ 95 ശതമാനത്തോളം പൂർത്തിയായി.  ബാക്കിയുള്ള 12 വില്ലേജുകളിൽ ജോലികൾ പുരോഗതിയിൽ ആണെന്നും 
ജോയിൻ ഡയറക്ടർ അറിയിച്ചു.  ഓരോ വില്ലേജിന്റെയും പുരോഗതിയും 
ഫീൽഡ് ജോലികളിൽ നേരിടുന്ന പ്രശ്നങ്ങളും അവലോകനയോഗം പ്രത്യേകം ചർച്ച ചെയ്തു.  പൊതുജനങ്ങൾ അവരുടെ കൈവശഭൂമിയുടെ അതിർത്തികൾ കൃത്യമായി സ്ഥാപിച്ച് അവകാശ രേഖകൾ യഥാസമയം തന്നെ സർവ്വേ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നപക്ഷം ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് 
അധികൃതർ അറിയിച്ചു.

പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണം സർവ്വേ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നതിന് പ്രചാരണ,  ബോധവൽക്കരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശിച്ചു.  പഞ്ചായത്ത്‌ പുറമ്പോക്കുകളിലും പുഴ പുറമ്പോക്കുകളിലും അതിർത്തികൾ കാടുപിടിച്ചുകിടക്കുന്നത്  വെട്ടിത്തെളിക്കുന്നതിന്  തദ്ദേശസ്വയംഭരണ അധികൃതർ വഴി നടപടി സ്വീകരിക്കും.  

നിലവിൽ സർവ്വേ ജോലികൾ നടന്നുവരുന്ന വില്ലേജുകളിൽ പൊതുജനങ്ങൾക്ക് സർവ്വേ രേഖകൾ  പരിശോധിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട ക്യാമ്പ് ഓഫീസുകളിൽ ഒരുക്കിയിട്ടുണ്ടെന്നും 
ഉത്തരമേഖലാ സർവ്വേ ജോയിൻ ഡയറക്ടർ അറിയിച്ചു. 

ടെക്നിക്കൽ അസിസ്റ്റൻറ്,  റീസർവ്വേ സൂപ്രണ്ടുമാർ, സർവ്വേ നടപടികൾ പുരോഗതിയിലുള്ള 16 വില്ലേജുകളുടെ ചാർജ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post