കോഴിക്കോട് :
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും ഒരു കളിക്കളം എന്ന ലക്ഷ്യം അടുത്ത സാമ്പത്തിക വർഷത്തോടെ കൈവരിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ.
ഇന്റർ നാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള- 2024 (ISSK) ന്റെ ഭാഗമായി കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്പോർട്സ് സമ്മിറ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുതുതായി 113 ഗ്രാമപഞ്ചായത്തുകൾക്ക് കളിക്കളത്തിനായി പണം അനുവദിച്ച് കഴിഞ്ഞതായും എംഎൽഎ ഫണ്ട് ഉപയോഗിച്ച് 60 ഓളം കളിക്കളങ്ങളും തയ്യാറായതായും മന്ത്രി പറഞ്ഞു. കായിക മേഖലയുടെ സമഗ്ര വികസനത്തിനായാണ് സർക്കാർ പുതിയ കായിക നയം കൊണ്ടുവന്നിട്ടുള്ളത്. ഈ നയത്തിന്റെ ഭാഗമായി പ്രഗൽഭരായ കായിക താരങ്ങളെ പങ്കെടുപ്പിച്ചു സംസ്ഥാന തലത്തിൽ സമ്മിറ്റ് നടക്കും. അതിനു മുന്നോടിയായി ജില്ലാതലത്തിലും പ്രാദേശിക തലത്തിലുമാണ് ആദ്യം സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
കായിക മേഖലയുടെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങൾ മുഖ്യ പങ്ക് വഹിക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായി അടുത്ത ബജറ്റിൽ പഞ്ചായത്തുകൾക്ക് സ്പോർട്സ് ഇനത്തിൽ പ്രത്യേകം തുക നീക്കിവെക്കും. അതോടുകൂടി പ്രാദേശിക തലത്തിലെ കായിക മേഖലയ്ക്ക് ഉത്തേജനമുണ്ടാവും. കോവിഡിന് ശേഷം ആരോഗ്യ രംഗത്ത് വന്ന മാറ്റം ജനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് കായിക പ്രവർത്തനം എല്ലാ യിടുത്തും നിർബന്ധമാക്കേണ്ടതുണ്ട്, മന്ത്രി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ ജില്ലാ തല സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തി ഓരോ പ്രദേശത്തും നടപ്പിലാക്കുന്ന കായിക പ്രവർത്തനങ്ങളുടെ പദ്ധതി തയ്യാറാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക കായിക മേഖലയ്ക്കായി പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും.
സ്പോർട്സ് എക്കണോമി വളർത്തിക്കൊണ്ടുവരുന്നതിനുള്ള ആശയങ്ങൾ രൂപീകരിക്കലിന്റെ ഭാഗമായാണ് സ്പോർട്സ് സമ്മിറ്റ് നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ കരിക്കുലം ഫ്രെയിം വർക്ക് കൊണ്ടുവരികയാണെന്ന് പറഞ്ഞ കായികമന്ത്രി ഡിഗ്രി, പിജി കോളേജുകളിൽ കായിക പഠനം ഒരു വിഷയമായി വന്നിട്ടുണ്ടെന്നും ഇതെല്ലാം കായിക മേഖലയിലെ പുതിയ തൊഴിലവസരങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുമെന്നും വ്യക്തമാക്കി.
Post a Comment