തിരുവനന്തപുരം: 
പ്രമുഖ സാമ്പത്തിക വിദഗ്ധനും ദലിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ എന്ന മണ്ണ്യമ്പത്തൂർ കുഞ്ഞാമൻ അന്തരിച്ചു.

 ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്‍റെയും ചെറോണയുടെയും മകനായി ജനനം. ജാതി വിവേചനത്തിൻ്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ബാല്യം.

പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 

കെ.ആർ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാർത്ഥിയെന്ന നേട്ടം സ്വന്തമാക്കി. 

തിരുവനന്തപുരം സി.ഡി.എസില്‍ നിന്ന് എം.ഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടി.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ 27 വർഷം സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. 2006ൽ വിരമിച്ച ശേഷം മഹാരാഷ്​ട്രയിലെ തുൽജാപൂരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസിൽ ഒമ്പത് വർഷം പ്രൊഫസറായി.​​​​​​​ എം.ജി സർവകലാശാലയിലെ നെൽസൺ മണ്ടേല ചെയർ പ്രൊഫസറായിരുന്നു.

കുഞ്ഞാമന്‍റെ 'എതിര്' എന്ന ജീവചരിത്രം മലയാളത്തിലെ ദലിത് ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവമാണ്. എതിരിന് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും കുഞ്ഞാമന്‍ നിരസിച്ചു. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു.

ഭാര്യ: രോഹിണി.

Post a Comment

Previous Post Next Post