കോഴിക്കോട് :
വർഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് രണ്ടുപാക്കേജായി ടെൻഡർ വിളിച്ചത്.
കോഴിക്കോട്- മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാർഗമാണ് പുതിയ പാത. ഇത് യാഥാർഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. തുരങ്കപാത പദ്ധതിയുടെ സാങ്കേതികപഠനംമുതൽ നിർമാണംവരെ സംസ്ഥാനസർക്കാർ കൊങ്കൺ റെയിൽവേ കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയത്.
തുരങ്കനിർമാണത്തിനും അനുബന്ധപ്രവൃത്തികൾക്കുമായി 1643.33 കോടി രൂപയ്ക്കാണ് ടെൻഡർ ക്ഷണിച്ചത്. ഫെബ്രുവരി 23-ആണ് ടെൻഡർ നൽകേണ്ട അവസാന തീയതി. നാലുവർഷംകൊണ്ട് പണി പൂർത്തീകരിക്കണം. 10 മീറ്റർ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് നിർമിക്കുക.
തുരങ്കത്തിലേക്കെത്തുന്ന രണ്ടുപാലങ്ങളുടെ നിർമാണത്തിനുള്ള ടെൻഡർ 93.12 കോടി രൂപയുടെതാണ്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെയാണ് പാലങ്ങൾ നിർമിക്കുക. രണ്ടുവർഷമാണ് നിർമാണകാലാവധി. ജനുവരി 19-നുള്ളിൽ ടെൻഡർ നൽകണം.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്ത് മറിപ്പുഴ വില്ലേജിൽനിന്നാണ് തുരങ്കപാതയുടെ തുടക്കം.
മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ അവസാനിക്കും.
കള്ളാടിയിൽ 250 മീറ്റർ നീളത്തിൽ റോഡും മറിപ്പുഴ ഭാഗത്ത് 750 മീറ്റർ പാലവും പണിയണം. കള്ളാടിവരെയും മറിപ്പുഴവരെയും നിലവിൽ റോഡുണ്ട്.
ഉത്തരകാശിയിലെ സിൽകാര തുരങ്കത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാമുൻകരുതലുകളും സ്വീകരിച്ച് മാത്രമേ തുടർനടപടികളിലേക്ക് കടക്കൂവെന്ന് അധികൃതർ പറഞ്ഞു. മണ്ണിടിച്ചിലും മറ്റും പ്രതിരോധിക്കുംവിധം സുരക്ഷിതമായിട്ടാവും തുരങ്കപാതനിർമാണം.
റോഡിനായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് കോഴിക്കോട് മേഖലയിൽനിന്ന് ഏറ്റെടുക്കേണ്ടത്. ഭൂവുടമകളുമായി ഇതിനകം ചർച്ചനടത്തിയിട്ടുണ്ട്. വയനാട്ടിൽ ഏറ്റെടുക്കേണ്ട ഭൂമിയെക്കുറിച്ചും അടുത്തദിവസം ചർച്ച നടത്തും.
തുരങ്കപാതനിർമാണവുമായി ബന്ധപ്പെട്ട് ഒരുവർഷം നീണ്ട പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഇതിൽ പൊതുജനാഭിപ്രായം അറിയുന്നതിന് കോഴിക്കോടും വയനാടും ഹിയറിങ് നടത്തും.
Post a Comment