ഒമ്പത് കോടി രൂപയുടെ പദ്ധതികൾ.
ഓമശ്ശേരി:2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓമശ്ശേരിയിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.പൊതു വിഭാഗം വികസന ഫണ്ട്,പട്ടികജാതി-പട്ടിക വർഗ്ഗ ഉപപദ്ധതി,റോഡ്-റോഡിതര മെയിന്റനൻസ് ഫണ്ട് എന്നീ വിഭാഗങ്ങളിൽ 2023-24 വർഷത്തിലെ തുകക്കും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി നൽകിയ തുകക്കും അനുസൃതമായാണ് അടുത്ത വർഷത്തെ പ്രോജക്റ്റുകൾ തയ്യാറാക്കുന്നത്.ഇതുപ്രകാരം ആകെ വികസന ഫണ്ട് 4.49 കോടി രൂപയാണ്.മെയിന്റനൻസ് ഫണ്ട് 4.47 കോടി രൂപയും.ഒമ്പത് കോടി രൂപയുടെ വിവിധ പ്രോജക്‌റ്റുകൾക്ക് രൂപം നൽകാനാണ് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്.
വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വെച്ച് ആരോഗ്യം,പൊതുഭരണവും ധനകാര്യവും,കൃഷി,മൃഗ സംരക്ഷണവും ക്ഷീര വികസനവും,പ്രാദേശിക സാമ്പത്തിക വികസനം,ദാരിദ്ര്യ ലഘൂകരണം,സാമൂഹ്യ നീതി,ജെൻഡറും കുട്ടികളും,പട്ടിക ജാതി വികസനം,പട്ടിക വർഗ്ഗ വികസനം,കുടിവെള്ളവും ശുചിത്വവും,വിദ്യാഭ്യാസം,പൊതുമരാമത്ത്,ജൈവ വൈവിധ്യ മാനേജ്‌മന്റ് തുടങ്ങിയ 14 വർക്കിംഗ് ഗ്രൂപ്പുകളും വെവ്വേറെ ചർച്ച ചെയ്ത് കരട് രൂപരേഖ തയ്യാറാക്കി.വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾക്ക് ശേഷം വികസന സെമിനാർ നടത്തി പദ്ധതികൾക്ക് അന്തിമ രൂപം നൽകും.ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പദ്ധതി മുന്നൊരുക്ക പ്രവർത്തനങ്ങൾ നേരത്തെയാക്കാൻ നിർദേശമുള്ളതിനാലാണ് 24-25 വർഷത്തെ പദ്ധതികൾക്ക് ഇപ്പോൾ തന്നെ രൂപം നൽകുന്നത്.
വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി വാർഷിക പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ പദ്ധതി മാർഗ്ഗരേഖ അവതരിപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദകൃഷ്ണൻ,പി.കെ.ഗംഗാധരൻ,എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,നിർവ്വഹണ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ്സെക്രട്ടറി പി.എം.മധു സൂദനൻ,അസിസ്റ്റന്റ് എഞ്ചിനീയർ അഷ്‌റഫ് കല്ലടയിൽ,ഡോ:പി.രമ്യ,ഡോ:കെ.വി.ജയശ്രീ,ഡോ:വി.പി.ഗീത,ആശിഖ് കോയ തങ്ങൾ,കെ.മുഹമ്മദ് ഹാഫിസ്,വി.ഷാഹിന ടീച്ചർ,പ്ലാൻ ക്ലാർക്ക് കെ.ടി.അനീഷ് മാധവൻ,എസ്.ടി.പ്രമോട്ടർ വി.ആർ.രമിത എന്നിവർ സംസാരിച്ചു.വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഇരുന്നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു.
ഫോട്ടോ:ഓമശ്ശേരിയിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment