തിരുവമ്പാടി: അഗസ്ത്യൻമുഴിക്കടവ് പാലം സമീപനറോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നല്ലപങ്കും സ്വകാര്യവ്യക്തികൾ കൈവശംവെക്കുന്നതായി ആക്ഷേപം. 1996 ജൂൺ 22-ന് അന്നത്തെ മന്ത്രി പി.ജെ. ജോസഫ് ശിലാസ്ഥാപനം നിർവഹിച്ച പാലം 2002 സെപ്റ്റംബർ 15-ന് മന്ത്രി എം.കെ. മുനീറാണ് ഉദ്ഘാടനം ചെയ്തത്.
പാലം നിർമിക്കുന്നതിന്റെ മുന്നോടിയായി സമീപനറോഡിനായി 1997-ലാണ് പൊതുമരാമത്ത് വകുപ്പ് സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം വിലയ്ക്കു വാങ്ങുന്നത്.
ഏറെ വളവുതിരുവുകൾ ഉണ്ടായിരുന്ന അഗസ്ത്യൻമുഴി അങ്ങാടിമുതൽ പാലംവരെയുളള ഭാഗത്തെ റോഡിന്റെ ഇരുവശത്തെയും കെട്ടിടയുടമകൾ ഉൾപ്പെടെയുള്ള അഞ്ചോളം സ്ഥലമുടമകളിൽനിന്നാണ് സ്ഥലം വിലകൊടുത്തുവാങ്ങിയിരുന്നത്.
സ്ഥലമുടമകൾ സർക്കാരിൽനിന്ന് ലഭിച്ച പണം പോരെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയും അധികം തുകവാങ്ങുകയും ചെയ്തു.
റോഡിന്റെ തുടക്കം 19.5 മീറ്ററും പാലത്തോടുചേർന്ന് 29.9 മീറ്ററുമാണ് വീതി വേണ്ടത്. എന്നാൽ, റോഡിന്റെ പലഭാഗങ്ങളിലും രണ്ടു മൂന്നും മീറ്റർ ഭാഗങ്ങൾ സ്ഥലം വിലയ്ക്ക് നൽകിയവർതന്നെ കൈവശംവെച്ചുപോരുന്നു. നിർമാണത്തിലിരിക്കുന്ന കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡിന്റെ ഭാഗമായ റോഡാണിത്.
ഈ ഭാഗത്തെ അഴുക്കുചാൽ നവീകരണപ്രവൃത്തി നടന്നുകൊണ്ടിരിക്കെ അതിർത്തി അളന്നുതിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെ നിർമാണം തത്കാലം നിർത്തിവെച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത സ്ഥലം പൂർണമായി റോഡുവികസനത്തിനായി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ.കെ. ദിവാകരൻ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ കോഴിക്കോട് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബർ ആറിന് കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡ്- പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യുട്ടീവ് എൻജിനീയർ താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് നോട്ടീസ് നൽകിയിരുന്നു.
കൈതപ്പൊയിൽ - അഗസ്ത്യൻമുഴി റോഡ് നവീകരണപ്രവൃത്തിക്കായി മുക്കം താഴക്കോട് വില്ലേജിൽ അഗസ്ത്യൻമുഴി പാലം പ്രവൃത്തിക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി പുനർനിർണയിച്ച് തരുന്നതിന് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഇതേത്തുടർന്ന് ഡിസംബർ 19-ന് താലൂക്ക് സർവേയർ അതിർത്തി പുനർനിർണയിച്ച് കൈയേറ്റഭൂമി സൈറ്റിൽ അടയാളപ്പെടുത്തി നൽകിയെങ്കിലും സ്കെച്ച് ഇനിയും നൽകിയില്ല. സർവേയർ അളവുനടത്തി കുറ്റിവെക്കുക മാത്രമാണുണ്ടായത്.
സ്കെച്ച് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് എൻജിനിയർ കഴിഞ്ഞ ജനുവരി 16-ന് താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് മറ്റൊരു നോട്ടീസുകൂടി അയച്ചിരിക്കുകയാണ്.
വില കൊടുത്തുവാങ്ങിയ ഭൂമിയുടെ സ്കെച്ചിൽ പറയുന്ന ഭൂമി പൂർണമായും ഏറ്റെടുത്ത് റോഡ് നവീകരിക്കണമെന്നും ഇതിന് കാലതാമസം നേരിടുന്നതിന് പിന്നിൽ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്ന വൻ സമ്മർദങ്ങൾ ആണെന്നും തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ പരാതിക്കാരൻ കെ.കെ. ദിവാകരൻ പറഞ്ഞു.
Post a Comment