കോഴിക്കോട് : കക്കയത്ത് കാട്ടുപോത്ത് കർഷകനെ കുത്തിക്കൊന്നു.

കക്കയത്ത് പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനാണ് (68) മരിച്ചത്.
കശുവണ്ടി ശേഖരിക്കാൻ പോയ കർഷകനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കക്ഷത്തിൽ ആഴത്തിൽ കുത്തേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് കക്കയം ടൗണിൽ നിന്നു നാല് കിലോമീറ്റർ മാറി കക്കയം ഡാം സൈറ്റ് റോഡരികിലെ കൃഷിയടത്തിൽ വെച്ച് അവറാച്ചനെ കാട്ടുപോത്ത് ആക്രമിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ അവറാച്ചൻ മെഡിക്കൽ കോളജ് അശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരിച്ചതായാണ് വിവരം. കക്കയത്ത് നേരത്തെയും നിരവധി തവണ കാട്ടുപോത്ത് ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പാണ് വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചത്.


Post a Comment

Previous Post Next Post