ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഹരജിയുമായി രാഷ്ട്രപതി ദ്രൗപതി മുർമ്മു. ഇക്കാര്യത്തിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചു. ഇത്തരം നിബന്ധനകൾ ഭരണഘടന മുന്നോട്ടുവെക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു വിധി സുപ്രീംകോടതി എങ്ങനെ പുറപ്പെടുവിക്കുമെന്നാണ് രാഷ്ട്രപതിയുടെ പ്രധാന ചോദ്യം.

14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്രടപതി സുപ്രീംകോടതിയെ സമീപിച്ചത്. പ്രസിഡന്റ് അപൂർവമായി ഉപയോഗിക്കുന്ന ഭരണഘടനയിലെ 143(1) വകുപ്പ് ഉപയോഗിച്ചാണ് ദ്രൗപതി മുർമ്മു സുപ്രീംകോടതിയിൽ നിന്നും വ്യക്തത തേടിയത്.

സുപ്രീംകോടതിയോട് രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ.

1.ആർട്ടിക്കൾ 200 പ്രകാരം ഒരു ബിൽ മുന്നിലെത്തിയാൽ ഗവർണർക്കുള്ള ഭരണഘടന സാധ്യതകൾ എന്തൊക്കെയാണ് ​?

2.മന്ത്രിസഭയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണോ ?

3.200ആം അനുച്ഛേദപ്രകാരം വിവേചനാധികാരം ഗവർണർമാർ പ്രയോഗിക്കുന്നത് ന്യായമല്ലേ

4. ഗവർണർമാരുടെ തീരുമാനങ്ങൾക്ക് ഭരണഘടനയുടെ 361ആം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ

5. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചില്ലാത്തതിനാൽ ഇത്തരമൊരു നിർദേശം നൽകാൻ കോടതികൾക്ക് എങ്ങനെ കഴിയും.

6. 201ആം അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരം ന്യായമല്ലേ ?


7. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടന രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്നില്ല. പിന്നെ എങ്ങനെ ഇത്തരമൊരു നിർദേശം നൽകാൻ കോടതികൾക്ക് കഴിയുമോ

8.ഗവർൺർമാർ അയക്കുന്ന ബില്ലുകളിൽ 143ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ

9.ബില്ലുകൾ നിയമം ആകുന്നതിന് മുമ്പ് ഉള്ളടക്കം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരമുണ്ടോ

10.രാഷ്ട്രപതിയുടേയും ഗവർണർമാരുടേയും ഭരണഘടന അധികാരങ്ങൾ ആർട്ടിക്കൾ 142 പ്രകാരം മറികടക്കാൻ കോടതികൾക്ക് അധികാരമുണ്ടോ

11. നിയമസഭാ പാസ്സാക്കുന്ന ബിൽ ഗവർണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറുമോ

12. ഭരണഘടന വ്യഖ്യാനിക്കുന്ന വിഷയങ്ങൾ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചല്ലേ പരിഗണിക്കേണ്ടത്

13. മൗലികാവകാശ ലംഘനം ഉണ്ടാവുമ്പോൾ സു​പ്രീംകോടതിയെ നേരിട്ട് സമീപിക്കാൻ അവസരം നൽകുന്ന 32ആം അനുച്ഛേദ പ്രകാരം കേന്ദ്രസർക്കാറിനെതിരെ സംസ്ഥാനങ്ങൾക്ക് ഹരജി നൽകാൻ ആവുമോ.

14.സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിനെതിരെ ആർട്ടിക്കൾ 131 പ്രകാരം സ്യൂട്ട് ഹരജി അല്ലേ നൽകേണ്ടതെന്നും രാഷ്ട്രപതി കോടതിയോട് ചോദ്യം ഉന്നയിക്കുന്നുണ്ട്.

നേരത്തെ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് പുറത്ത് വന്നത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, നിയമസഭകൾ പാസ്സാക്കി അനുമതിക്കായി അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിയുടെ നടപടിക്കെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Post a Comment

أحدث أقدم