സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി യുദ്ധവിമാനം ഇതുവരെയും തിരികെ കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. വിമാനം പരിശോധിക്കുന്നതിനായി ബ്രിട്ടനിൽ നിന്ന് 25ഓളം വരുന്ന വ്യോമയാന എൻജിനീയർമാരുടെ സംഘം നാളെ എത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. വിമാനത്തിന്‍റെ തകരാർ ഇവിടെവെച്ച് പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ യു.കെയിലേക്ക് കൊണ്ടുപോകും. മൂന്നാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുകയാണ് എഫ്-35 ബി.
അതേസമയം, സോഷ്യൽ മീഡിയയിലാകട്ടെ ട്രോളുകളും പരസ്യങ്ങളും ബോധവത്കരണവുമൊക്കെയായി എഫ്-35 മയമാണ്. കേരള ടൂറിസത്തിന്‍റെ ഉൾപ്പെടെ പരസ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റെടുത്തിരിക്കുകയാണ്. 'ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം' എന്ന കാപ്ഷനോടെ കേരള ടൂറിസം പങ്കുവെച്ച പരസ്യം വൈറലായതോടെ മറ്റ് നിരവധി സ്ഥാപനങ്ങൾ എഫ് 35നെ തങ്ങളുടെ പരസ്യ മോഡലാക്കി. ട്രോളന്മാർ യുദ്ധവിമാനത്തെ ട്രോളിലാക്കി എയറിൽ കയറ്റുകയും ചെയ്തു.
യു.കെയിലെ കേരള റസ്റ്ററന്‍റ് 'മകനേ മടങ്ങിവരൂ' എന്ന് പറഞ്ഞുള്ള പരസ്യം നൽകിയത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, എഫ്-35നെ ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റും.
സുരക്ഷ ഉറപ്പാക്കണമെന്ന സന്ദേശം മുൻനിർത്തിയാണ് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പോസ്റ്റർ. അതേസമയം, എഫ് 35 മൈൻഡ് ഫുൾ ഡ്രൈവിങ്ങിന്‍റേയും സ്മാർട്ട് മെയ്ൻറനൻസിന്‍റേയും പാഠങ്ങളാണ് തരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സന്ദേശം. തകരാറിലായ വാഹനത്തിന് മികച്ച റിപ്പേർ നൽകി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്കാരമാണെന്നും പോസ്റ്റിൽ പറയുന്നു.
നേരത്തെ, ഏതോ വിരുതന്മാർ എഫ് 35 ബി വിൽപ്പനക്ക് വെച്ചതായി കാണിച്ച് ഒ.എൽ.എക്സ് വെബ്സൈറ്റിൽ പരസ്യം നൽകിയിരുന്നു. കാറുകളും ബൈക്കുകളും വിൽക്കുമ്പോൾ സാധാരണ കൊടുക്കാറുള്ളതുപോലെ വിമാനത്തിന്‍റെ പ്രത്യേകതകളും രസകരമായി എഴുതിവെച്ചിട്ടുണ്ട്. 'ലേഡി ഡോക്ടർ ഓടിച്ചത്, ഫുൾ ഓപ്ഷൻ, പുതിയ ബാറ്ററിയും ടയറും, ട്രാഫിക് നിയമം ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലാൻ ഓട്ടോമാറ്റിക് ഗൺ, അയൽക്കാർക്ക് അസൂയയുണ്ടാക്കുന്ന വാഹനം, സെക്കൻഡ് ഓണർ...' എന്നിങ്ങനെയാണ് വിമാനത്തിന്‍റെ സവിശേഷതകളായി കൊടുത്തത്. നാല് മില്യൺ യു.എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. 2026 വരെ വാറന്‍റിയുണ്ടെന്ന് പറയുന്നുണ്ട്. ലൊക്കേഷൻ കേരള എയർപോർട്ട് എന്നും കൊടുത്തിരിക്കുന്നു. 'ഡോണാൾഡു ട്രംപാൻ' എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്നായിരുന്നു പോസ്റ്റ്.
ജൂൺ 14നാണ് എഫ് 35 ബി തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ 36,000 അടിയോളം പറന്നുയർന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥകാരണം നാവികസേനയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന കപ്പലിൽ തിരിച്ചിറങ്ങാൻ സാധിക്കാതാവുകയായിരുന്നു. പലതവണ വട്ടമിട്ട് പറന്നപ്പോൾ ഇന്ധനം കുറഞ്ഞു. ഇതോടെ അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായി. ഇതു പരിഹരിക്കാൻ മൂന്നാഴ്ചയായിട്ടും സാധിച്ചിട്ടില്ല.
Post a Comment