തിരുവമ്പാടി : 
 പാർട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തവരുടെ രാജി പ്രഖ്യാപനം പരിഹാസ്യമാണന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് മോയിൻ കാവുങ്കലും ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്തിലും അറിയിച്ചു. കഴിഞ്ഞ പാർലമെൻ് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ അലങ്കോലമാക്കുകയും മുന്നണിക്കും സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിക്കും ദോഷകരമായ തരത്തിൽ പ്രവർത്തിച്ചതിനും പാർട്ടിയുടെ ജില്ലാ നേതൃത്വത്തെ പരിഹസിച്ച് മാധ്യമങ്ങൾക്ക് വാർത്ത നൽകിയതിനും അച്ചടക്ക നടപടി സ്വീകരിച്ചവരാണ് ഇവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പാർട്ടിക്ക് പേരുദോഷമുണ്ടാക്കുന്ന തരത്തിൽ മുന്നണി മര്യാദ ലംഘിക്കുന്ന വിധം പി വി അൻവറിന് പാർട്ടി വേദിയൊരുക്കിയതിനും  
പാർട്ടി ഭാരവാഹികൾക്കുള്ള സംസ്ഥാന കമ്മറ്റിയുടെ മാർഗ നിർദ്ദേശം പാലിക്കാത്തത്തിന് കൗൺസിലർ, ഭാരവാഹി സ്ഥാനങ്ങളിൽ നിന്ന് അയോഗ്യരായവരുടെയും രാജി പ്രഖ്യാപനം പാർട്ടി പ്രവർത്തകർ അവജ്ഞയോടെ തള്ളും.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സി മോയിൻ കുട്ടി സാഹിബിനെതിരെ പരസ്യമായി പ്രകടനം നടത്തിയത് മുതൽ നിരന്തരമായ പാർട്ടി വിരുദ്ധമായ നടപടികളാണ് ഇവരിൽ നിന്ന് ഉണ്ടായത്. 2016 ലെ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ മറിയപ്പുറം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയെ നിർത്തി പരാജയപ്പെടുത്തിയതും രാഹുൽ ഗാന്ധിയുടെയും  പ്രിയങ്ക ഗാന്ധിയുടെയും  തിരഞ്ഞെടുപ്പുകളിൽ  പ്രവർത്തന രംഗത്ത് നിസഹകരിച്ചതും  ഇപ്പോൾ നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത്   മുന്നണി കെട്ടുറപ്പും ഐക്യവും പുലർത്തേണ്ട ഘട്ടങ്ങളിലെല്ലാം മുന്നണി മര്യാദ ലംഘിച്ച് പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചത് ഗൗരവതരമായ തെറ്റാണ്. പാർട്ടി പ്രഖ്യാപിച്ച ഖാഇദെ മില്ലത്ത് സെൻ്റർ ധനശേഖരണം, ബാഫഖി തങ്ങൾ സെൻ്റർ ധനശേഖരണം, വയനാട് പുനരധിവാസ ഫണ്ട് ശേഖരണം തുടങ്ങിയ പ്രധാന പരിപാടികളോടും മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ഇവർ സ്വീകരിച്ചത്.

പാർട്ടി വിരുദ്ധമായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകിയതിന് നേരത്തെ നടപടി സ്വീകരിക്കുകയും പിന്നീട് മാപ്പപേക്ഷ നൽകി തിരിച്ചു വന്ന ആളാണ് അബ്ദുറഹിമാൻ. ഇത്തരത്തിൽ തുടർച്ചയായി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുകയും  നിരവധി കാലമായി പാർട്ടിയെ വെല്ലുവിളിച്ചും പ്രതിസന്ധിയിലാക്കിയും മുമ്പോട്ട് പോകുന്നവർക്കെതിരെ പാർട്ടി സംസ്ഥാന നേതൃത്വം കൈകൊണ്ട നടപടി പഞ്ചായത്തിലെ അച്ചടക്കമുള്ള പ്രവർത്തകർ സ്വാഗതം ചെയ്തിരിക്കയാണ്. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അച്ചടക്കം സുപ്രധാനമാണ്. പാർടി സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് തെറ്റ് തിരുത്തി തിരിച്ച് വരാൻ ശ്രമിക്കുന്നതിന് പകരം നേതൃ തീരുമാനത്തെ വെല്ലുവിളിച്ചും നേതൃത്വത്തെ അപകീർത്തി പെടുത്തിയും ജൽപനങ്ങൾ നടത്തിയും മുന്നോട്ട് പോകാനുള്ള ശ്രമങ്ങളെ പഞ്ചായത്ത് കമ്മറ്റി ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കുമെന്നും ഇരുവരും പറഞ്ഞു.

Post a Comment

Previous Post Next Post