പേരാമ്പ്ര: 
അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നതും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ ചില കേന്ദ്രങ്ങൾ ആയുർവേദത്തിന്റെ സൽപേരിനും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) മുന്നറിയിപ്പ് നൽകി. 

പേരാമ്പ്രയിലെ ഒരു വെൽനെസ് സെന്ററിൽ നടന്ന പോലീസ് റെയ്ഡിലും തുടർന്ന് നടന്ന അറസ്റ്റുകളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

പേരാമ്പ്ര പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ എ.എം.എ.ഐ ജില്ലാ പ്രസിഡൻ്റ് ഡോ. അഭിലാഷ് ബി.ജി, കോഴിക്കോട് സോൺ സെക്രട്ടറി ഡോ. സുഗേഷ് കുമാർ ജി.എസ്, ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. വിപിൻദാസ് കെ, പേരാമ്പ്ര ഏരിയാ പ്രസിഡൻ്റ് ഡോ. ഷീന സുരേഷ്, ഏരിയ സെക്രട്ടറി ഡോ. എം. മേനക എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകിയിട്ടും, പൊലീസ് റിപ്പോർട്ടിൽ ‘അങ്ങിനെ സ്ഥാപനം പ്രവർത്തിക്കുന്നില്ല’ എന്ന നിലപാട് എടുത്തത് ഗുരുതരമായ വീഴ്ചയായി. പിന്നീട് റെയ്ഡ് നടത്തി അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി തെളിഞ്ഞത് അതിന്റെ തെളിവാണ്, നേതാക്കൾ ആരോപിച്ചു.

വ്യാജ ആയുർവേദ കേന്ദ്രങ്ങൾ സ്ത്രീ ഡോക്ടർമാരുടെ സുരക്ഷയ്ക്കും അവർക്കെതിരായ തെറ്റായ കാഴ്ചപ്പാടുകൾക്കും ഇടയാക്കുന്നുവെന്ന് അവർ പറഞ്ഞു. പബ്ലിക് ഹെൽത്ത് ബിൽ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് തുടങ്ങിയ നിയമങ്ങൾ നിലവിലുണ്ടായിട്ടും നിയന്ത്രണരഹിതമായ ലൈസൻസ് സംവിധാനം പ്രശ്നം ഭീഷണമായി തുടരുന്നുവെന്നും എ.എം.എ.ഐ നേതാക്കൾ പറഞ്ഞു.

പൊതുജനങ്ങൾ അംഗീകൃത ആയുർവേദ ഡോക്ടർമാരെയും സ്ഥാപനങ്ങളെയും മാത്രം സമീപിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ, തെറ്റായ കേന്ദ്രങ്ങളിൽ പോകുന്നത് ആരോഗ്യത്തിന് വലിയ അപകടമാണെന്നും ഓർമ്മിപ്പിച്ചു. “ആയുർവേദത്തിന്റെ സൽപേര് സംരക്ഷിക്കുകയും സമൂഹത്തിന് ശുദ്ധമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യാൻ എ.എം.എ.ഐ പ്രതിജ്ഞാബദ്ധമാണ്,” നേതാക്കൾ കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم