സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ എടുത്തത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മതവിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും ക്ലാഷ് ഇല്ലാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത്. സമസ്തയുടെ സമരം ന്യായമാണ് എന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 

എന്ത് കാര്യത്തിലും കൂടിയാലോചനകൾ നടത്തണം. സൂംബയിലും സർക്കാർ ആരുമായും ചർച്ച നടത്തിയില്ല എന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ അധിക സീറ്റ് ആവശ്യപ്പെടുമെന്ന വാർത്തയോട് ഞങ്ങൾ ആരും അതറിഞ്ഞിട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളിൽ കൺഫ്യൂഷൻ ഉണ്ടാക്കി. സംസ്ഥാന സർക്കാർ ആണ് പ്രശ്‌നത്തിന്റെ ഉത്തരവാദിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വിഷയത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല. ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസ രംഗമാണ്. ഇത് കണ്ടാൽ വിദ്യാർഥികൾ എങ്ങനെ കേരളത്തിൽ പഠിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ പ്രശ്നങ്ങൾ നേരിടുന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഗവർണർ കാവിവത്കരണം നടത്തുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്നും യുഡിഎഫ് ഇന്നലെ വിഷയം ചർച്ച ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Post a Comment

Previous Post Next Post