ബംഗളൂരു:
കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ഉയർത്തിയ വോട്ട് മോഷണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാജി. രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്നാണ് മന്ത്രി അവകാശപ്പെട്ടത്.
അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മൗനം പാലിച്ച് പിന്നീട് പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനുപകരം, സമയബന്ധിതമായി എതിർപ്പുകൾ ഉന്നയിക്കേണ്ടത് നേതാക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
രാജണ്ണയുടെ നീക്കം കർണാടക കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈകമാൻഡ് നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. വോട്ടർ പട്ടിക ക്രമക്കേടിൽ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന് ഹൈക്കമാൻഡ് രാജണ്ണയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
Post a Comment