ഓമശ്ശേരി:
ഡോ.എം.കെ.മുനീർ എം.എൽ.എ.നയിക്കുന്ന മണ്ഡലം ഗ്രാമയാത്രയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂരിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ജനസഭ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ദേയമായി.കനത്ത മഴയിലും ആബാലവൃദ്ധം ജനങ്ങൾ സംബന്ധിച്ച ജനസഭ ഉച്ച തിരിഞ്ഞ്‌ 2.30 നാരംഭിച്ച്‌ വൈകു.6.30 നാണ്‌ സമാപിച്ചത്‌.സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ തീർപ്പാവാത്ത പരാതികളാണ്‌ ഗ്രാമയാത്രയിൽ പ്രധാനമായും ഉന്നയിക്കപ്പെട്ടത്‌.വിവിധ ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെട്ട്‌ ആകെ 114 പരാതികളാണ്‌ ലഭിച്ചത്‌.ഇതിൽ 70 പരാതികൾ നേരത്തെ ലഭിച്ചതാണ്‌.44 പരാതികൾ ജനസഭയിൽ എം.എൽ.എ.നേരിട്ട്‌ സ്വീകരിച്ചു.വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യങ്ങൾക്ക്‌ മറുപടി നൽകി.

ജല ജീവൻ മിഷൻ വെട്ടിപ്പൊളിച്ച റോഡുകളും കെ.എസ്‌.ടി.പിയുടെ അധീനതയിലുള്ള എടവണ്ണ-കൊയിലാണ്ടി റോഡ്‌ പുനരുദ്ധാരണത്തിലെ ഗുരുതരമായ അപാകതയും കൂടത്തായ്‌ പാലത്തിന്റെ അപകടകരമായ സാഹചര്യവും ജനസഭയിൽ ഉന്നയിക്കപ്പെട്ടു.ജനങ്ങളുടെ ജീവന്‌ ഭീഷണിയായിത്തീർന്ന ഫ്രഷ്‌ കട്ട്‌ ദുരിതത്തിനെതിരെ ജനസഭയിൽ കടുത്ത രോഷമുയർന്നു.ഇഴഞ്ഞു നീങ്ങുന്ന ആർ.ഇ.സി-കൂടത്തായ്‌ റോഡിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ കെ.ആർ.എഫ്‌.ബിക്കും കരാർ കമ്പനിയായ ഊരാളുങ്കലിനും എം.എൽ.എ.കർശന നിർദേശം നൽകി.

പഞ്ചായത്ത്‌,റവന്യു,പി.ഡബ്ലിയു.ഡി,വാട്ടർ അതോറിറ്റി,കെ.എസ്‌.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക്‌ അടിയന്തിര പരിഹാരമുണ്ടാക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ എം.എൽ.എ.സംവിധാനമൊരുക്കി.നിരവധി പരാതികൾ ജനസഭയിൽ തീർപ്പാക്കി.ബാക്കിയുള്ളവക്ക്‌ കൃത്യമായ ഇടപെടലുകളിലൂടെ പരിഹാരമുണ്ടാക്കുമെന്ന് എം.എൽ.എ.പറഞ്ഞു.അവസാനത്തെ പരാതിക്കാരന്റേയും ആവലാതി കേട്ടതിനു ശേഷമാണ്‌ എം.എൽ.എ.ജനസഭ അവസാനിപ്പിച്ചത്‌.പരാതികൾ നൽകിയവരും അല്ലാത്തവരുമായ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ നൂറു കണക്കിനാളുകൾ ജനസഭയിൽ പങ്കാളികളായി.ഓമശ്ശേരിയുടെ ഹൃദയം കവർന്നാണ്‌ ജനസഭ സമാപിച്ചത്‌.

ജനസഭ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എം.എ.റസാഖ്‌ മാസ്റ്റർ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌,പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ യൂനുസ്‌ അമ്പലക്കണ്ടി,പി.കെ.ഗംഗാധരൻ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,സി.ടി.ഭരതൻ മാസ്റ്റർ,കെ.കെ.എ.ഖാദർ,എസ്‌.പി.ഷഹന,പി.അബ്ദുൽ നാസർ,കെ.കെ.അബ്ദുല്ലക്കുട്ടി,പി.പി.കുഞ്ഞായിൻ,യു.കെ.ഹുസൈൻ,ഒ.എം.ശ്രീനിവാസൻ നായർ,പി.വി.സ്വാദിഖ്‌,ടി.ശ്രീനിവാസൻ,അഗസ്റ്റിൻ ജോസഫ്‌ കണ്ണേഴത്ത്‌,എം.നസീഫ്‌,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ഇബ്രാഹീം പള്ളിക്കണ്ടി,കെ.എം.കോമളവല്ലി,കെ.ടി.സക്കീന ടീച്ചർ,സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,വി.കെ.രാജീവൻ മാസ്റ്റർ,പി.സി.മൂസ,സി.പി.സലീം,മൻസൂർ പാറങ്ങോട്ടിൽ എന്നിവർ സംസാരിച്ചു.പഞ്ചായത്ത്‌ ലേണിംഗ്‌ സെന്ററായി തെരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്‌ ഡോ:എം.കെ.മുനീർ എം.എൽ.എ.ജനസഭയിൽ വെച്ച്‌ പ്രത്യേകം ഉപഹാരം നൽകി.

ഫോട്ടോ:ഓമശ്ശേരി പുത്തൂരിൽ നടന്ന ജനസഭ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post