ഓമശ്ശേരി:
ശാരീരിക പരിമിതികളെ ചെറുപ്പം മുതൽ നിശ്ചയദാർഢ്യത്തോടെ നേരിട്ട് ഉയരങ്ങൾ കീഴടക്കിയ ആസിം വെളിമണ്ണ ഇനി കുട്ടിയല്ല.തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പൗരനായി മാറിയിരിക്കുകയാണ് ആസിം.ഹിയറിംഗിന്റെ അവസാന ദിവസമായ ആഗസ്ത് 29 ന് വൈകു.4 മണിക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ ആസിം പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാറിന് വോട്ട് ചേർത്തുന്നതിനുള്ള അപേക്ഷയായ ഫോറം 4 ഉം അനുബന്ധ രേഖകളും കാൽ വിരലുകൾക്കിടയിൽ പേന വെച്ച് മനോഹരമായ ഒപ്പ് ചാർത്തി കാലു കൊണ്ട് കൈമാറി.രേഖകൾ പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ അപ്രൂവ് ചെയ്തതോടെ ആസിം വെളിമണ്ണ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പൗരനായി മാറി.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മുൻ ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര എന്നിവർ സന്നിഹിതരായിരുന്നു.
വെളിമണ്ണ എൽ.പി.സ്കൂളിലെ പഠന ശേഷം പ്രസ്തുത സ്കൂൾ യു.പി.സ്കൂളാക്കി മാറ്റുന്നതിനുള്ള പോരാട്ടത്തിലൂടെയാണ് 90 ശതമാനം ശാരീരിക വൈകല്യമുള്ള ആസിം വെളിമണ്ണ ശ്രദ്ദേയനാവുന്നത്.വൈകല്യങ്ങളോട് പൊരുതി ജീവിത നേട്ടങ്ങൾ കൈവരിക്കുന്ന ആസിമിന് 2025 ആദ്യപാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ പ്രഥമ യുവപ്രതിഭാ പുരസ്കാരം ലഭിച്ചിരുന്നു.ഇരു കൈകളുമില്ലാതെയാണ് ആസിം ജനിച്ചത്.വൈകല്യത്തെ നീന്തിത്തോൽപ്പിച്ച് ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഈ മിടുക്കൻ.ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണയെന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്കാണ് ആസിം നീന്തിക്കയറിയത്.പാരീസിൽ നടന്ന ലോക പാരാ സ്വിമ്മിങ്ങ് സീരീസിൽ മൽസരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
2023 ൽ മധ്യ പ്രദേശിലും 2024 ൽ ഗോവയിലും നടന ദേശീയ പാരാ സ്വിമ്മിങ്ങ് മൽസരത്തിൽ ആറു സ്വർണ്ണങ്ങളാണ് ആസിം വാരിക്കൂട്ടിയത്.2022ൽ പെരിയാറിൽ ഒരു കിലോമീറ്ററോളം ദൂരം നീന്തി ആസിം ശ്രദ്ദേയനായിരുന്നു.സാമൂഹിക നീതി വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരമുൾപ്പടെയുള്ള മറ്റു അംഗീകാരങ്ങളും ആസിമിനെ തേടിയെത്തിയിട്ടുണ്ട്.നീലേശ്വരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് നിലവിൽ ആസിം.മദ്‌റസ അധ്യാപകനായ വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് സയീദ് യമാനിയുടേയും ജംഷീനയുടേയും മൂത്ത മകനാണ് ഈ വിദ്യാർത്ഥി പ്രതിഭ.
ഫോട്ടോ:ആസിം വെളിമണ്ണ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വോട്ട് ചേർക്കുന്നതിനുള്ള രേഖകൾ കാൽ കൊണ്ട് കൈമാറുന്നു.
إرسال تعليق