ബെംഗളൂരു: 
ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത 44കാരിയുടെ 14 ലക്ഷം രൂപ തിരിച്ചുപിടിച്ചു പൊലീസ്. ബെംഗളൂരു സ്വദേശിയായ പ്രീതി കോം ശ്രീ സുധാകർ എന്ന സ്ത്രീയുടെ പണമാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. ആഗസ്റ്റ് 26 ന് മുംബൈ സൈബർ ക്രൈം പൊലീസാണെന്ന് അവകാശപ്പെട്ട് വാട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പുകാർ ഇവരെ സമീപിച്ചത്. പ്രീതിയുടെ ബാങ്ക് അക്കൗണ്ടുകൾ ചില നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വെരിഫിക്കേഷന് പണമയക്കാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അറസ്റ്റ് ഭയന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം പ്രീതി പണമയച്ചു.എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാത യെസ് ബാങ്ക് അക്കൗണ്ടിലേക്ക് അവർ അയച്ചത്.
പണം നഷ്ടപ്പെട്ട ഉടൻ അവർ ബെംഗളൂരു വെസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഇക്കണോമിക് ഒഫൻസസ് നർകോട്ടിക് (സി.ഇ.എൻ) പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഉടൻ തന്നെ നാഷനൽ സൈബർ ഹെൽപ്‌ലൈനുമായി ബന്ധപ്പെടുകയും ‘ഗോൾഡൻ അവർ’ എന്ന നിർണായക സമയത്തിനുള്ളിൽ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പുകാരൻ പണം പിൻവലിക്കുന്നതിന് മുമ്പുള്ള നിർണായക സമയത്തെയാണ് 'ഗോൾഡൻ അവർ' എന്ന് പറയുന്നത്.

സെപ്റ്റംബർ മൂന്നിലെ കോടതി ഉത്തരവിനെ തുടർന്ന് മരവിപ്പിച്ച പണം തിരികെ നൽകാൻ യെസ് ബാങ്കിന് നിർദേശവും നൽകി. അങ്ങനെ ഒരാഴ്ചക്കുള്ളിൽ തന്നെ 14 ലക്ഷം രൂപയും ഇരയുടെ അക്കൗണ്ടിൽ തിരികെ എത്തുകയും ചെയ്തു.

എന്താണ് ‘ഡിജിറ്റൽ അറസ്റ്റ്?’


സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ‘ഡിജിറ്റൽ അറസ്റ്റ്’. വിഡിയോ കോളുകളിലൂടെയും സ്കൈപ്പ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇരയെ നിരന്തരമായി നിരീക്ഷിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ഇവർ ചെയ്യുന്നത്.

ഇങ്ങനെയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’ അഥവാ ‘വെർച്വൽ അറസ്റ്റി’നെതിരെ നിയമപരമായ നടപടി നിലവിലില്ലെന്ന് പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ സന്ദേശം ഇപ്പോഴും സാധാരണക്കാരിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്നുള്ളതാണ് ഇത്തരം തട്ടിപ്പുകൾ വർദ്ധിക്കുന്നതിന് കാരണം. സാങ്കേതികവിദ്യയിൽ പരിജ്ഞാനമില്ലാത്ത പ്രായമായവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവരിൽ പെട്ടെന്ന് പരിഭ്രാന്തി സൃഷ്ടിക്കാൻ കഴിയുന്നതാണ് തട്ടിപ്പ് വർധിക്കുന്നതിന് കാരണം.

സൈബർ തട്ടിപ്പുകൾക്ക് ഇരയാവുന്നവർ എത്രയും പെട്ടന്ന് 1930 എന്ന ഹെൽപ്‌ലൈനിൽ വിളിക്കണമെന്നും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സമയബന്ധിതമായ പരാതി നൽകൽ സാമ്പത്തിക നഷ്ടം തടയാൻ നിർണായകമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Post a Comment

أحدث أقدم