ഓമശ്ശേരി:സെപ്തംബർ അഞ്ചിന്‌ തിരുവോണ നാളിൽ കാണാതായ പതിനാലുകാരനെ ഇനിയും കണ്ടെത്താനായില്ല.ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ചുണ്ടക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന കിഴക്കേക്കര പുത്തൻ പുരക്കൽ വിനീതിന്റേയും സജിതയുടേയും മകനായ വിജിത്‌ വിനീത്‌ എന്ന പട്ടിക വർഗ വിഭാഗത്തിൽ പെട്ട കുട്ടിയെയാണ്‌ എട്ടു ദിവസം മുമ്പ്‌ ദുരൂഹ സാഹചര്യത്തിൽ കാണാതായത്‌.കൂടത്തായ്‌ സെന്റ്‌ മേരീസ്‌ ഹൈസ്കൂളിൽ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയാണ്‌ വിജിത്‌ വിനീത്‌.ഓണസദ്യ കഴിഞ്ഞ്‌ കളിക്കാനെന്ന് പറഞ്ഞ്‌ വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട്‌ തിരിച്ചെത്തിയിട്ടില്ല.

എന്നാൽ അപ്രത്യക്ഷമായ ദിവസം സുഹൃത്തുക്കളോടൊപ്പം താമരശ്ശേരിയിൽ നിന്ന് സിനിമ കണ്ടതിനും ഈങ്ങാപ്പുഴ സ്റ്റുഡിയോയിലെത്തിയതിനും ദൃസാക്ഷികളുണ്ടെന്ന് പറയുന്നു.രാത്രി വേനപ്പാറ വഴി കാൽനടയായി ഓമശ്ശേരിയിലെത്തിയതിന്റേയും ദൃശ്യങ്ങൾ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.സി.സി.ടി.വി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്‌.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,കെ.ആനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘം വിദ്യാർത്ഥിയുടെ വീട്‌ സന്ദർശിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചു.വീട്‌ വിട്ട്‌ പോവുന്നതിനുള്ള യാതൊരു കാരണവും ഉണ്ടായിട്ടില്ലെന്നും എന്താണ്‌ സംഭവിച്ചത്‌ എന്നത്‌ ദുരൂഹമാണെന്നും മാതാ-പിതാക്കൾ ജനപ്രതിനിധികളോട്‌ പറഞ്ഞു.തുടർന്ന് താമരശ്ശേരി ഡി.വൈ.എസ്‌.പി.യുമായി ജനപ്രതിനിധികൾ ചർച്ച നടത്തുകയും അനേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം കുട്ടിയെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണെന്ന് ഡി.വൈ.എസ്‌.പി.സുശീർ പറഞ്ഞു.പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം തുടരുന്നതിനാൽ വേഗത്തിൽ കുട്ടിയെ കണ്ടെത്താനാവുമെന്ന് ജനപ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post