സമസ്തയില്‍ ഭിന്നത ഉണ്ടന്ന് തുറന്നുപറഞ്ഞ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സിഐസിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിഹരിക്കേണ്ടവര്‍ അതിന് മുതിരാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മധ്യസ്ഥത വഹിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഉമര്‍ ഫൈസി മുക്കം കുറ്റപ്പെടുത്തി. സമസ്ത മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ലെന്നും ഉമര്‍ ഫൈസി  പറഞ്ഞു.

സമസ്തയിലെ ഭിന്നതയെക്കുറിച്ച് ചാനലുകളില്‍ വരുന്ന വാര്‍ത്തകളില്‍ വാസ്തവമുണ്ടെന്ന് ഉമര്‍ ഫൈസി മുക്കം പറയുന്നു. ഇസ്ലാമിക് കോളജുകളുടെ കൂട്ടായ്മയായ സിഐസിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടത്. സിലബസുമായി ബന്ധപ്പെട്ട് നയവ്യതിയാനം ഉണ്ടായെന്ന ആരോപണമാണ് സമസ്തയ്ക്കുള്ളില്‍ ഭിന്നതയ്ക്ക് വഴിവച്ചത്.

അതേസമയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗം കോഴിക്കോട് ചേരും. നൂറാം വാര്‍ഷികാഘോഷമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാന അജണ്ടയെങ്കിലും മറ്റു കാര്യങ്ങളും ചര്‍ച്ചയാകും. സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ നദ് വി നടത്തിയ വിവാദ പരാമര്‍ശവും ചര്‍ച്ചയാകും. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഭാര്യക്കൊപ്പം വൈഫ് ഇന്‍ ചാര്‍ജ് ഉള്ളവരും ഉണ്ട് എന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും 
ചര്‍ച്ചയാകും. സി ഐ സി പ്രശ്‌നം പരിഹരിക്കുന്നതില്‍ മധ്യസ്ഥരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഉത്തരവാദിത്തം നിറവേറ്റിയില്ല എന്ന് സമസ്ത നേതൃത്വത്തിന്റെ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയായേക്കും.

 

Post a Comment

Previous Post Next Post