ഓമശ്ശേരി:
ഒന്നാം ഘട്ട ജലനിധി കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി നടപ്പിലാക്കി വരുന്ന സുസ്ഥിരതാ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ വിവിധ വാർഡുകളിലെ 18 സാമൂഹ്യ കുടിവെള്ള പദ്ധതികളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ്‌ സാനിറ്റേഷൻ ഏജൻസിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ്‌ ഒരു കോടി പത്ത്‌ ലക്ഷം രൂപ ചെലവഴിച്ച്‌ പദ്ധതികളുടെ നവീകരണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്‌.കൂടാതെ രണ്ട്‌ കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക്‌ ഫണ്ട്‌ അനുവദിച്ചിട്ടുമുണ്ട്‌.രണ്ടാം വാർഡിലെ അമ്പലക്കുന്ന്-മാങ്കുന്ന് പദ്ധതിക്ക്‌ 12.5 ലക്ഷം രൂപയും ആറാം വാർഡിലെ മാമ്പിടിച്ചാൽ പദ്ധതിക്ക്‌ 7 ലക്ഷം രൂപയുമാണ്‌ വകയിരുത്തിയത്‌.ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

പ്രസ്തുത പദ്ധതികളുൾപ്പടെ 'ജലനിധി'യുടെ പഞ്ചായത്തിലെ 37 സാമൂഹ്യ കുടിവെള്ള പദ്ധതികളുടെയും  ഭാരവാഹികളുടെ ഏകദിന ശിൽപശാല കെ.ആർ.ഡബ്ലിയു.എസ്‌.എ.യുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.കുടിവെള്ള പദ്ധതികളുടെ തുടർ നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിന്‌ വേണ്ടിയാണ്‌ ശിൽപശാല സംഘടിപ്പിച്ചത്‌.പദ്ധതികളുടെ നിലവിലെ അവസ്ഥയും പോരായ്മയും നേട്ടങ്ങളും ശിൽപശാലയിൽ ചർച്ച ചെയ്തു.നവീകരണ പ്രവൃത്തി ആവശ്യമുള്ള പദ്ധതികൾക്ക്‌ തുടർന്നും ഫണ്ട്‌ അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു.

ശിൽപശാല പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.ഡബ്ലിയു.എസ്‌.എ.റീജിനൽ പ്രോജക്റ്റ്‌ ഡയറക്ടർ ജോർജ്ജ്‌ മാത്യു ക്ലാസെടുത്തു.ഐ.ഇ.സി.സ്പെഷ്യലിസ്റ്റ്‌ എ.യോഹന്നാൻ,ജൂനിയർ പ്രോജക്റ്റ്‌ കമ്മീഷണർമാരായ എം.ശ്രീകുമാർ,രാജീവൻ എന്നിവർ 'തുടർ നടത്തിപ്പും പരിപാലനവും' വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൻ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,എം.ഷീജ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,എം.ഷീല,ജി.പി.എൽ.എ.സി പ്രസിഡണ്ട്‌ സജികുമാർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ ജലനിധി കുടിവെള്ള പദ്ധതികളുടെ ശിൽപശാല പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post