ജറുസേലം:
ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറാനുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കരാറിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.
കരാറിന് അംഗീകാരം നൽകിയ വാർത്ത വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചതായി ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നെറും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. യുദ്ധം ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ വെടിനിർത്തലാണിത്.
ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങും. ഇസ്രായേൽ കസ്റ്റഡിയിലുള്ള ഫലസ്തീൻ തടവുകാരെ തിങ്കളാഴ്ച വിട്ടയക്കും. ഹമാസ് കസ്റ്റഡിയിലുള്ള അവശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ ഉടൻ മോചിപ്പിക്കും. കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗസ്സയുടെ തുടർഭരണം പോലുള്ള നിർണായക വിഷയങ്ങളിൽ വ്യക്തത വന്നിട്ടില്ല.
48 ബന്ദികളാണ് ഹമാസിന്റെ പക്കലുള്ളത്. ഇതിൽ ജീവനോടുള്ള 20ഓളം ബന്ദികളെ മോചിപ്പിക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറും. ഫലസ്തീനിൽ നിന്ന് പിടികൂടി തടങ്കിലാക്കിയ 250 തടവുകാരെയാണ് ആദ്യ ഘട്ടത്തില് ഇസ്രായേൽ വിട്ടയക്കുക. മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു.
വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ആദ്യം സ്ഥിരീകരിച്ചത്. എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും ശാശ്വത സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രായേൽ അവരുടെ സൈനികരെ ഒരു നിശ്ചിത പരിധിയിലേക്ക് പിൻവലിക്കുമെന്നും ട്രംപ് അറിയിച്ചു.
ഇസ്രായേലിനെ സംബന്ധിച്ച് മഹത്തായ ദിനമാണിതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സമൂഹമാധ്യമത്തിൽ കുറിച്ചു. ദൈവത്തിന്റെ സഹായത്താൽ നമ്മൾ ബന്ദികളെയെല്ലാം തിരികെ കൊണ്ടുവരുകയാണെന്നും നെതന്യാഹു അറിയിച്ചു.
സൈന്യത്തെ പിൻവലിക്കുക, പ്രദേശത്തേക്ക് സഹായം എത്തിക്കുക, തടവുകാരെ കൈമാറുക എന്നിവ ഇസ്രായേൽ കാലതാമസമില്ലാതെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥരോടും ഹമാസ് ആവശ്യപ്പെട്ടു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നെർ, നെതന്യാഹുവിന്റെ ഉന്നത ഉപദേഷ്ടാവ് റോൺ ഡെർമർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് വംശഹത്യ ലക്ഷ്യംവെച്ച് ഇസ്രായേൽ പുതിയ യുദ്ധമുഖം തുറന്നത്. ഇതുവരെ 67,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 170,000ത്തോളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം, വെടിനിർത്തലിന് തൊട്ടുമുമ്പും ഗസ്സയിൽ ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗസ്സയിലെ അൽ സബ്രയിലാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ആക്രമണം നടത്തിയത്.
إرسال تعليق