ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകൾ മുതൽ തന്നെ ആരംഭിക്കണമെന്നും ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും സുപ്രീംകോടതി.
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത് വഴി കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോ ശാരീരിക മാറ്റങ്ങളെക്കുറിച്ചും ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും അവബോധം നല്കാൻ സാധിക്കുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ചെറുപ്പം മുതലേ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നാണ് കോടതിയുടെ അഭിപ്രായം. ഇതിനായി ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഈ സമയങ്ങളില്‍ വരുന്ന മാറ്റങ്ങളെയും മുന്‍കരുതലുകളെയും കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെടെ അധികാരികളുടെ ശ്രദ്ധ പതിയണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമ കേസില്‍ ഉത്തർപ്രദേശ് സ്വദേശിയായ 15 കാരന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
പ്രായപൂർത്തിയാകുന്നതിനെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും കൗമാരക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ നടപ്പാക്കുന്നുവെന്ന് വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തർപ്രദേശ് സംസ്ഥാനത്തിന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) നിർദേശങ്ങൾക്ക് അനുസൃതമായി ഒൻപത് മുതൽ 12 വരെ ക്ലാസുകളിലേക്ക് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് രൂപപ്പെടുത്തിയ പാഠ്യപദ്ധതി രൂപപ്പെടുത്തുന്ന സത്യവാങ്മൂലം സംസ്ഥാനം സമർപ്പിച്ചു. ഇതുപരിശോധിച്ചാണ് ചെറിയ ക്ലാസു മുതൽ തന്നെ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന നിരീക്ഷണം നടത്തിയത്.

Post a Comment