തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ ആശപ്രവർത്തകരെ പിന്തുണച്ചെത്തിയ സി.എം.പി നേതാവ് സി.പി. ജോൺ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്ത സി.പി. ജോണിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള നീക്കം ആശപ്രവർത്തകർ തടഞ്ഞു.
 ആശപ്രവർത്തകർ പൊലീസ് വാഹനത്തിന് മുമ്പിൽ പ്രതിരോധം തീർത്തു. ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ശക്തമായി പ്രതിരോധിച്ചു.

ആശപ്രവർത്തകരെയും അവർ കൊണ്ടുവന്ന മൈക്ക് സെറ്റും സ്പീക്കറും കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പൊലീസിനെതിരെ പ്രതിരോധം തീർക്കാനായി സി.പി. ജോൺ സമരസ്ഥലത്തെത്തിയത്. ഏറെ നേരത്തെ ശ്രമത്തിന് പിന്നാലെ സി.പി. ജോണിനെയും കൊണ്ട് പൊലീസ് വാഹനം സ്റ്റേഷനിലേക്ക് പോയത്.

അതേസമയം, പ്രതിഷേധിച്ച ആശപ്രവർത്തകരോട് മോശമായാണ് പൊലീസ് പെരുമാറിയതെന്ന് കസ്റ്റഡിയിലായ സമരനേതാവ് ബിന്ദു പൊലീസ് വാഹനത്തിൽ നിന്ന് വ്യക്തമാക്കി. അതിജീവന സമരത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ആശ പ്രവർത്തകർ സമരം നടത്തിയത്.

ആശപ്രവർത്തകരുടെ ആവശ്യങ്ങളോട് അനുഭാവപൂർവമല്ല അധികൃതർ പെരുമാറുന്നത്. അഞ്ച് മണിക്കൂറിലേക്ക് സമരം നീളുമ്പോൾ പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാവുന്നില്ല. വനിത പൊലീസുകാരി യാതൊരു പ്രകോപനവമില്ലാതെ ലാത്തി കൊണ്ട് വയറ്റിൽ കുത്തിയെന്നും എസ്. മിനിയുടെ വസ്ത്രം വലിച്ചുകീറിയെന്നും ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കി.

വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന ആശപ്രവർത്തകരുടെ സമരം എട്ട് മാസം പൂർത്തിയായ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. രാവിലെ 12 മണിക്കാണ് മാർച്ച് ആരംഭിച്ചത്.

മാർച്ചിനെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ആശ പ്രവർത്തകർ പാട്ടകൊട്ടിയാണ് പ്രതിഷേധിച്ചത്. കസ്റ്റഡിയിലെടുത്ത ആശപ്രവർത്തകരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
 

Post a Comment

Previous Post Next Post