ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ സാഹചര്യം കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള എല്‍ പി ജി സിലിണ്ടറുകള്‍ മാത്രമേ ബാക്കിയുള്ളു. എത്രത്തോളം രൂക്ഷമാണ് കേരളത്തിലെ ഇന്ധനപ്രതിസന്ധി എന്നു നോക്കാം.
പ്രതിസന്ധിക്ക് കാരണമെന്ത്?
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്‍പിജിയുടെ 85 മുതല്‍ 90 ശതമാനവും ഇന്ധന വിതരണ പാതയായ ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് വരുന്നത്. മധ്യപൂര്‍വേഷ്യയിലെ യുദ്ധം ഹോര്‍മുസ് കടലിടുക്കു വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തിയോടെ വലിയ പാചകവാതക ക്ഷാമത്തിലേക്കാണ് ഇന്ത്യയും കേരളവും നീങ്ങിക്കൊണ്ടിരിക്കുന്നത്. 31.3 ദശലക്ഷം ടണ്‍ എല്‍ പി ജിയാണ് ഇന്ത്യയുടെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം. നമ്മുടെ ഉപഭോഗത്തിന്റെ 67 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഇതില്‍ 90 ശതമാനവും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള 23 ശതമാനം എന്‍ പി ജി വരുന്നത് കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. പാചകവാതക പ്രതിസന്ധി നമ്മുടെ നാട്ടില്‍ ഇത്രയും രൂക്ഷമാകാന്‍ കാരണം ഇതാണ്.
സാഹചര്യങ്ങള്‍ എത്രത്തോളം രൂക്ഷമാണ്?
പാചകവാതകത്തിന്റെ ഉപഭോഗം 87 ശതമാനവും വീടുകളിലാണ്. ബാക്കിയുള്ള 13 ശതമാനം മാത്രമാണ് ഹോട്ടലുകളില്‍ ഉപയോഗിക്കപ്പെടുന്നത്.അവ്ശ്യമേഖലയ്ക്ക് മാത്രം എല്‍ പി ജി വിതരണം ചെയ്താല്‍ മതിയെന്നാണ് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയാണ് അവശ്യമേഖലയില്‍പെടുന്നത്. എല്‍ പി ജി ബുക്കിങ് സമയപരിധി 21ല്‍ നിന്നും 25 ദിവസത്തേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതിസന്ധി നേരിടുന്നത് കൂടുതലും ഹോട്ടലുകള്‍
ഹോട്ടലുകള്‍ അവശ്യ മേഖലയായി കണക്കാക്കപ്പെടുന്നില്ലാത്തതിനാല്‍ ഹോട്ടലുകളിലേക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിനാണ് ഏറ്റവും വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കേരളത്തില്‍ ഏകദേശം രണ്ടു ലക്ഷം വാണിജ്യസിലിണ്ടര്‍ ഉപയോക്തക്കാളാണുള്ളത്.
കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ പല ഹോട്ടലുകളും ഇതിനോടകം തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. ദിവസേന 10 മുതല്‍ 25 വരെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്ക് ആവശ്യമായ സ്റ്റോക്ക് ലഭിക്കാത്തതാണ് ഇതിന് കാരണം.
ഹോട്ടലുകളുടെ മെനുവില്‍ വരെ മാറ്റം വന്നു തുടങ്ങി. ഗ്യാസ് കൂടുതല്‍ ആവശ്യമുള്ള വിഭവങ്ങള്‍ ഒഴിവാക്കി പല ഹോട്ടലുകളും മെനു പരിമിതപ്പെടുത്തിക്കഴിഞ്ഞു. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പലതും ബിരിയാണി പോലുള്ള ഒറ്റ വിഭവങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ വിറകടുപ്പുകളിലേക്ക് മാറാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലഭ്യമായ സിലിണ്ടറുകള്‍ക്ക് അമിതവില നല്‍കേണ്ടി വരുന്നത് ഹോട്ടലുകളിലെ ഭക്ഷണവില വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്‍പ്പന ഉയരുന്നു
എന്‍ പി ജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെയും ഇന്‍ഡക്ഷന്‍ സ്റ്റൗകളില്‍ വയ്ക്കാനാകുന്ന പാത്രങ്ങളുടെയും വില്‍പനയും കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണഗതിയില്‍ പ്രതിദിനം 35-40 ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് 150ന് അടുത്ത് സ്റ്റൗ ആണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മ്മാണ കമ്പനികളുടെ ഓഹരിവിലയിലും അഞ്ചു മുതല്‍ 13 ശതമാനം വരെ ഉയര്‍ച്ചയുണ്ടായി.
യുദ്ധം അടുക്കളയിലേക്കെത്തുമ്പോള്‍
ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള കാലാവധി 25 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സിലിണ്ടര്‍ തീരാറായ വീടുകളില്‍ ആശങ്കയുണ്ടാക്കുന്നു. ക്ഷാമം മുതലെടുത്ത് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. റംസാന്‍ മാസമായതിനാല്‍ ഇഫ്താര്‍ വിരുന്നുകള്‍ക്കും മറ്റും കൂടുതല്‍ ഗ്യാസ് ആവശ്യമുള്ളത് മുസ്ലിം കുടുംബങ്ങളെയും കേറ്ററിംഗ് സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആശുപത്രികള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് സിലിണ്ടര്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതിനു പുറമേ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ എണ്ണ കമ്പനി പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുകയും കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ളവര്‍ക്ക് ഈ പ്രതിസന്ധി തല്‍ക്കാലം ബാധിക്കില്ല. സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കുന്നത് തടയാന്‍ റവന്യൂ, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ പാചകവാതക വിതരണം കൂടുതല്‍ ദുഷ്‌കരമാകാനാണ് സാധ്യത.

Post a Comment