ഓമശ്ശേരി:
വന്യ ജീവികൾ വനത്തിന്‌ പുറത്തിറങ്ങി മനുഷ്യന്‌ ഭീഷണിയാവുന്ന സങ്കീർണ്ണ സാഹചര്യത്തിൽ ജന ജാഗ്രത സമിതിയും സന്നദ്ധ പ്രഥമ പ്രതികരണ സേന(വോളണ്ടറി പ്രൈമറി റെസ്‌പോൺസ്‌ ടീം-പി.ആർ.ടി) യും രൂപവൽക്കരിച്ച്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി.ജന പ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കർഷക സംഘടന പ്രതിനിധികളുടേയും സംയുക്ത യോഗത്തിലാണ്‌ ജാഗ്രത സമിതിയും പ്രതികരണ സേനയും രൂപീകരിച്ചത്‌.

മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാര്യക്ഷമമായി പ്രശ്നം പരിഹരിക്കുന്നതിന്‌ തദ്ദേശീയരും ജന പ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേർന്നുള്ള ജനകീയ ജാഗ്രത സമിതിക്കാണ്‌ രൂപം നൽകിയത്‌.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അദ്ധ്യക്ഷനും റെയിഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ കൺവീറായുമുള്ള 42 അംഗ സമിതിയിൽ ഡി.എഫ്‌.ഒ.നോമിനേറ്റ്‌ ചെയ്ത കർഷക പ്രതിനിധികളായ യു.കെ.അബു ഹാജി ഓമശ്ശേരി,ബേബി അഗസ്റ്റിൻ കാപ്പാട്ടു മല,ഒ.കെ.സദാനന്ദൻ എന്നിവർ അംഗങ്ങളാണ്‌.രണ്ട്‌ ഭാഗങ്ങളായാണ്‌ പി.ആർ.ടി.രൂപീകരിച്ചത്‌.10 അംഗങ്ങളുള്ള ഭാഗം ഒന്നിൽ 1,2,3,4,5,14,16,17,18,19 എന്നീ വാർഡുകളാണുള്ളത്‌.ഭാഗം രണ്ടിൽ 6 മുതൽ 13 വരെയുള്ള വാർഡുകളും പതിഞ്ചാം വാർഡും ഉൾപ്പെടും.കാട്ടു പന്നി ശല്യത്തിനെതിരെ കാടിളക്കി നായാട്ട്‌ നടത്താനും യോഗം തീരുമാനിച്ചു.വന്യ ജീവി ശല്യവുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ ലഭിച്ച 195 പരാതികൾ റെയിഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർക്ക്‌ കൈമാറി.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ കർമ്മ പദ്ധതി വിശദീകരിച്ചു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ കെ.പി.പ്രേം ശമീർ,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,കൃഷി ഓഫീസർ ആർ.വിഷ്ണു,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വനം-വന്യ ജീവി,കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥർ,കാർഷിക വികസന സമിതി അംഗങ്ങൾ,എം പാനൽ ഷൂട്ടേഴ്സ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ വന്യ ജീവി ശല്യവുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതികൾ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ കെ.പി.പ്രേം ശമീറിന്‌ കൈമാറുന്നു.

Post a Comment

Previous Post Next Post