കൊടുവള്ളി: 
കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎയുടെ ആസ്തി വികസന നിധിയിൽ നിന്ന് തുകയനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ രണ്ട് പ്രധാന ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എംഎൽഎ നിർവഹിച്ചു.
 കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, തലപ്പെരുമണ്ണ-പ്രാവിൽ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ പുതിയ കെട്ടിടങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ (സി.എച്ച്.സി.) പഴയ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന എക്സ്-റേ യൂണിറ്റ് ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുന്നതിനും പുതിയ റൂമുകൾ നിർമ്മിക്കുന്നതിനുമായി 12 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ ഷിഫ്റ്റിംഗ് ജോലികൾ പൂർത്തിയാക്കി. പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എം.എൽ.എ. അറിയിച്ചു.
മുൻ എംഎൽഎയുടെ കാലത്ത് നിർമ്മാണം പാതിവഴിയിൽ നിലച്ചുപോയ പ്രാവിൽ തലപ്പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ (എഫ്.എച്ച്.സി.) പ്രവൃത്തി പൂർത്തീകരിക്കുന്നതിനാണ് 20 ലക്ഷം രൂപ അനുവദിച്ചത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചതായും ഉദ്ഘാടന കർമ്മം നിർവഹിച്ചതായും ഡോ. എം.കെ. മുനീർ എം.എൽ.എ. വ്യക്തമാക്കി.
നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ വി.സി. നൂർജഹാൻ, കൗൺസിലർമാരായ കെ. ശിവദാസൻ, സഫിനാ ഷമീർ, റംല ഇസ്മായിൽ, ഷഹനിത, ശരീഫ കണ്ണാടിപ്പൊയിൽ, അനിൽകുമാർ, ഹഫ്സത്ത് ബഷീർ, ഹസീന നാസർ, ഹസീന നൗഷാദ്, മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ.ഇ തുടങ്ങിയവരും പങ്കെടുത്തു. 
വിവിധ ഫണ്ടുകൾ വിനിയോഗിച്ച് പൂർത്തിയാക്കിയ ഈ സ്ഥാപനങ്ങൾ മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾക്ക് വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നതായി ഡോ. എം.കെ. മുനീർ എംഎൽഎ വാർത്താ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Post a Comment