തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായി നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ താമരശ്ശേരി രൂപതയിലെ പര്യടനം തിരുവമ്പാടിയിൽ സമാപിച്ചു. സമുദായവും സഭയും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക, വന്യമൃഗ ശല്യവും ഭൂപ്രശ്‌നങ്ങളും പരിഹരിക്കുക, ജസ്‌റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിൻ്റെ നേതൃത്വത്തിൽ കാസർകോട് നിന്നും യാത്ര ആരംഭിച്ചത്. താമരശ്ശേരി രൂപതയിലെ മരുതോങ്കര, കൂരാച്ചുണ്ട്,താമരശ്ശേരി, കോടഞ്ചേരി, തോട്ടുമുക്കം പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം ആണ് യാത്ര തിരുവമ്പാടിയിൽ എത്തിയത്.
മേഖലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ സമാപന റാലിയിൽ അണി ചേർന്നു.
പൊതുസമ്മേളനം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ വിദ്യാഭ്യാസ കാർഷിക മേഖലകളിൽ അവകാശ പോരാട്ടം നടത്തിയ സമര പാരമ്പര്യം ഉള്ള ചരിത്രം 100 വർഷം പിന്നിട്ട കത്തോലിക്കാ കോൺഗ്രസിന് ഉണ്ടെന്ന് ബിഷപ് സൂചിപ്പിച്ചു. അതുകൊണ്ടാണ് വിമോചന സമരത്തിൻ്റെ ഓർമകൾ ചില സന്ദർഭത്തിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് തികട്ടിവരുന്നത്. കാർഷിക മേഖലയിൽ നാല് കാലിൽ വരുന്ന വന്യമൃഗങ്ങളെ മാത്രമല്ല ഇരു കാലിൽ ഉപദ്രവിക്കാൻ വരുന്ന ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെയും നേരിടേണ്ടി വരുന്ന അവസ്‌ഥ ആണ് ഇന്ന് കർഷകർക്ക് ഉള്ളത്. സംസ്‌ഥാന സർക്കാർ പാസാക്കിയ വന്യജീവി സംരക്ഷണ കേരള ഭേദഗതി ബിൽ ആത്മാർഥത ഉള്ളതാണോയെന്ന് സംശയം ഉണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ പറ്റിക്കാൻ ഉള്ള നീക്കം ആണെങ്കിൽ ജനങ്ങൾ അതിശക്തമായി പ്രതികരിക്കും. വന്യമൃഗങ്ങൾ കൃഷി ഭൂമിയിൽ വന്നാൽ കൈകാര്യം ചെയ്യാൻ കർഷകർ തീരുമാനിച്ചു കഴിഞ്ഞു. കൃഷിയും ജീവനും സംരക്ഷിക്കാൻ കർഷകർ ഏതറ്റം വരെയും പോകും എന്ന കാര്യം അധികാരികൾ
മനസ്സിലാക്കണം എന്നും ബിഷപ് സൂചിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡൻ്റ് ഡോ.ചാക്കോ കാളൻപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജാഥ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ, രൂപത ഡയറക്‌ടർ ഫാ.സബിൻ തൂമുള്ളിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ട്രീസ സെബാസ്റ്റ്യൻ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, മേഖല ഡയറക്‌ടർ ഫാ. തോമസ് നാഗപറമ്പിൽ, രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, ബെന്നി ലൂക്കോസ്, ജോസഫ് പുലക്കുടി, പ്രിൻസ് തിനംപറമ്പിൽ, സജീവ് പുരയിടം, ടോമി ചക്കിട്ടമുറിയിൽ എന്നിവർ പ്രസംഗിച്ചു. രാജൻ ചെമ്പകം, തോമസ് പുത്തൻപുരയ്ക്കൽ, സണ്ണി പുതുപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി
إرسال تعليق