താമരശ്ശേരി:
 സമാധാനപരമായി നടന്ന ഫ്രഷ് കട്ട് സമരം അക്രമാസക്തമാക്കുന്നതിനു പിറകിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ ഡി.ഐ.ജി യതീഷ് ചന്ദ്രക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ട്  മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറയാണ് പരാതി നൽകിയത്.

 സമാധാനപരമായി നടന്ന സമരം സംഘർഷത്തിലേക്ക് നയിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ പിറകിൽ ഡിഐജി യതീഷ് ചന്ദ്രയാണെന്നും കത്തിൽ പറയുന്നു. 

 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമരക്കാർക്കിടയിലേക്ക് പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന വാഹനം ബലമായി കടത്തിവിടാൻ പോലീസ് ശ്രമിച്ചതാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്. മാത്രമല്ല, സമരക്കാർക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞ് സംഘർഷം ഉണ്ടാക്കാനും പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായി. പോലീസ് ടിയർ ഗ്യാസും ഗ്രനേഡും എറിഞ്ഞതോടെ സമരക്കാർ  ചിതറി ഓടിയ വേളയിലാണ്  പോലീസ് കാവലിൽ ഉണ്ടായിരുന്ന പ്ലാന്റിന് സമീപം തീവെപ്പ് നടന്നത്. ഇതിൽ കമ്പനി ഉടമകളും പോലീസും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. 

 ഡിഐജി യതീഷ് ചന്ദ്രയുമായി ഫ്രഷ് കട്ട് മുതലാളിമാർക്കും മാനേജർക്കും വഴിവിട്ട ബന്ധമുണ്ട്. ഇവരെ സഹായിക്കാനും, സമരം അക്രമാസക്തമാക്കി സമരക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു നിശബ്ദരാക്കാനും സമരം ഇല്ലാതാക്കാനും വേണ്ടിയുള്ള ഗൂഢാലോചനയാണ് കമ്പനി അധികൃതരും ഡിഐജിയും തമ്മിൽ ഉണ്ടാക്കിയത്. 
 തുടർ സമരങ്ങൾ ഇല്ലാതാക്കുന്നതിന് പ്രദേശത്ത് നിരോധനാജ്ഞ കൊണ്ടുവരുന്നതിലും ഗൂഢാലോചന നടന്നിട്ടുണ്ട്.
 ഡിഐജിയും  കമ്പനിയുമായി ബന്ധപ്പെട്ടവരും തമ്മിൽ നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതിയുടെ പൂർണ്ണരൂപം

---- On Sat, 01 Nov 2025 16:37:13 +0530 biju george wrote ---

താമരശ്ശേരി
01.11.2025

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവർകൾ സമക്ഷത്തിലേക്ക് 


കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോടിനടുത്ത ഇറച്ചിപ്പാറയില്‍ 2020 മുതല്‍ പ്രവര്‍ത്തിക്കുന്ന  കോഴി മാലിന്യ സംസ്‌കരണ പ്ലാന്റാണ് ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രോഡക്റ്റസ്് പ്രൈവറ്റ് ലിമിറ്റഡ്. നിരവധി ശുദ്ധജല വിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന ഇരുതുള്ളി പുഴയുടെ ഓരത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 30 ടണ്‍ കോഴി മാലിന്യം പ്രതിദിനം സംസ്‌കരിക്കുന്നതിനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈ സ്ഥാപനത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നത്. കോഴിക്കോട് ജില്ലയിലെ ഏക കോഴി മാലിന്യ സംസ്‌കരണ പ്ലാന്റ് ആണിത്. ജില്ലയിലെ 3500- ഓളം വരുന്ന കോഴി കടകളില്‍ നിന്നുള്ള മാലിന്യം ശേഖരിച്ച് ഇവിടെ കൊണ്ടുവന്നാണ് സംസ്‌കരിക്കുന്നത്. 300-ഓളം ടണ്‍ കോഴി മാലിന്യം പ്രതിദിനം ജില്ലയില്‍ ഉല്‍പാദിക്കപ്പെടുന്നുണ്ട്. 30 ടണ്‍ മാത്രം മാലിന്യം സംസ്‌കരിക്കാന്‍ അനുമതിയും യന്ത്രസംവിധാനങ്ങളുമുള്ള ഈ സ്ഥാപനത്തിലാണ്  അനുവദിനീയമായ അളവിന്റെ പത്തിരട്ടിയില്‍ അധികം മാലിന്യം കൊണ്ടു വന്ന് ഇവിടെ സംസ്‌കരിക്കുന്നത്. 

ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്ന സമയത്ത് അതിരൂക്ഷമായ ദുര്‍ഗന്ധമാണ് ഉയരുന്നത്. ഇതുമൂലം താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അയ്യായിരത്തോളം വരുന്ന കുടുംബങ്ങള്‍ ദുര്‍ഗന്ധം മൂലം ദുരിതമനുഭവിക്കുകയാണ്. മാത്രമല്ല ഈ കമ്പനിയില്‍ നിന്ന് ദ്രാവക രീതിയിലുള്ള മാലിന്യം ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കുന്നത് മൂലം ഈ പുഴയും മലിനപ്പെടുകയാണ്.
ഈ കമ്പനി കഴിഞ്ഞ അഞ്ചുവര്‍ഷമായി അന്തരീക്ഷ മലിനീകരണവും, പുഴ മലിനീകരണവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ദുരിതത്തിലായ  പ്രദേശവാസികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനാധിപത്യ രീതിയിലുള്ള  ജനകീയ സമരങ്ങള്‍ നടത്തി വരികയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല.

പ്രതിഷേധങ്ങള്‍ ശക്തമാകുന്ന വേളയില്‍ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേലഅധികാരികള്‍, ജില്ലാ കളക്ടര്‍ എന്നിവരെല്ലാം ഇടപെടുകയും കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. ചര്‍ച്ചകളുടെയും യോഗങ്ങളുടെയും തീരുമാനങ്ങളും നിര്‍ദേശങ്ങളും ഒരിക്കല്‍പോലും കമ്പനി അധികൃതര്‍ പാലിച്ചിട്ടില്ല. പ്ലാന്റിലെ അപാകതകള്‍ പരിഹരിക്കാനോ പ്രശ്‌നങ്ങശള്‍ക്ക് പരിഹാരം കാണുന്നതിനോ കമ്പനി തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെയും അധികൃതരെയും  മധ്യസ്ഥന്മാരെയും കബളിപ്പിക്കുന്ന നടപടികളാണ് നാളിതുവരെയും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ പൊതുജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരുതുള്ളി പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 21.10.25 ന് മേല്‍പ്പറഞ്ഞ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കുള്ള റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയതുപോലെ തികച്ചും ജനാധിപത്യപരവും സമാധാനപരവുമായ സമരമാണ് അന്ന് അവിടെ നടന്നിരുന്നത്. രാവിലെ ആരംഭിച്ച സമരം വൈകുന്നേരം നാലുമണി വരെ വളരെ സമാധാനപരമായാണ് മുന്നോട്ടു നീങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. 

വൈകുന്നേരം നാലുമണിയോടെയാണ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന സമരക്കാരുടെ അടുത്തേക്ക് കോഴിമാലിന്യവുമായി വന്ന വാഹനം ബലമായി കടത്തിവിടാന്‍ പോലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സമരക്കാര്‍ക്കിടയിലേക്ക് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഗ്രാനൈറ്റ് എറിയുകയായിരുന്നു. പോലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചതോടെ സമരക്കാര്‍  ചിതറി ഓടിയ വേളയിലാണ് കനത്ത പോലീസ് ബന്തവസില്‍ ഉണ്ടായിരുന്ന കമ്പനിയുടെ പരിസരത്ത് തീവെപ്പ് നടന്നത്. ഇതില്‍ വലിയ തോതിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. കമ്പനി അധികൃതരും പോലീസും ഒത്തുചേര്‍ന്നാണ് തീവപ്പു നാടകം ഉണ്ടാക്കിയത് എന്നാണ് സംശയിക്കുന്നത്. മാത്രമല്ല ഈ ഗൂഢാലോചനയില്‍  ഡി.ഐ.ജി യതീഷ് ചന്ദ്രക്ക് വ്യക്തമായ പങ്കുള്ളതായി സംശയിക്കുന്നു. സമരം അക്രമാസക്തമാക്കുകയും സമരക്കാരെ അടിച്ചൊതുക്കുകയും സമരക്കാര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് നിശബ്ദവും നിഷ്‌ക്രിയരുമാക്കി കമ്പനി സുഖമമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വഴിയൊരുക്കുകയുമാണ് ഗൂഢാലോചനയുടെ ലക്ഷ്യം. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഡി.ഐ.ജി. പോലീസിനെ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.  

ഈ കമ്പനിയുടെ പാര്‍ട്ണര്‍മാരും മാനേജറും ഡി.ഐ.ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഫ്രഷ് കട്ട് അധികൃതരും ഡി.ഐ.ജിയുമായി ഇതിന്റെ മുമ്പ് നടന്ന ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചും  കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണം നടത്തിയാല്‍ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കും. സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇവിടെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 8 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  സമരത്തില്‍ പങ്കെടുത്തവരുടെ പേരില്‍ നിരവധി കേസുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ഇതിന്റെ പേരില്‍ പോലീസ് നിരപരാധികളെ വേട്ടയാടുകയാണ്. പാതിരാത്രിയില്‍ പോലും പോലീസ് വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ഇപ്പോള്‍ ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോവുന്നത്. കമ്പനി ഉടമകളെ തൃപ്തിപ്പെടുത്തുന്നതിനും സമരസമിതി പ്രവര്‍ത്തകരെ നിശബ്ദരാക്കുന്നതിനും വേണ്ടിയാണ് പോലീസ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടിലെ വ്യാപക സംസാരം.

സംഭവശേഷം ഡി.ഐ.ജി സ്ഥലത്ത് ക്യാമ്പ് ചെയ്തു കൊണ്ട് നിരപരാധികളുടെ വീടുകളില്‍ പോലും കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഡിഐജിയും ഏതാനും ചില പോലീസ് ഉദ്യോഗസ്ഥരും കാണിക്കുന്ന അമിതാവേശം സംശയം ജനിപ്പിക്കുന്നതാണ്. ഡിഐജിയും ഈ കമ്പനി ഉടമകളും തമ്മില്‍ ചില വഴിവിട്ട ഇടപാടുകള്‍ നടന്നതായി നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ട്. ഇത് ദൂരീകരിക്കുന്നതിനും ഫ്രഷ് കട്ട് സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരുന്നതിനും സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വാസപൂര്‍വ്വം

അഡ്വ. ബിജു കണ്ണന്തറ
 പ്രസിഡണ്ട് 
 കർഷക കോൺഗ്രസ്
 ജില്ലാ കമ്മിറ്റി
 കോഴിക്കോട്.


Post a Comment

أحدث أقدم