പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു.പി. സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിലെ നെഹ്റു പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിച്ചു. പി.ടി.എ.പ്രസിഡൻറ് സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്, വിദ്യാർത്ഥി പ്രതിനിധികളായ ആദിദേവ് പി എസ്, തെരേസ് ബി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ജവഹർലാൽ നെഹ്‌റുവും കുടുംബാംഗങ്ങളും വേദിയിലെത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. നെഹ്‌റു ഫാമിലി ട്രീ അനാച്ഛാദനം, ശിശുദിന ഗാനാലാപനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. കൊച്ചുചാച്ചാജിമാരും സ്കൗട്ട് ആൻഡ് ഗൈഡ്സ് , ബുൾബുൾ അംഗങ്ങളും അണിനിരന്ന ശിശുദിന റാലിയിൽ പ്ലക്കാർഡുകളും വർണപ്പൂക്കളുമായി വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ദിവ്യ ജോസഫ്, ലിതിയ മാത്യൂ, ബിന്ദു തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment