ന്യൂയോർക്ക്:
ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി), യു.എൻ വുമൺ എന്നിവ സംയുക്തമായാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
117 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഏകദേശം 50,000 സ്ത്രീകളാണ് അടുത്ത പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ടത്. ഈ കണക്ക് ഒരു ദിവസം ശരാശരി 137 സ്ത്രീകൾ എന്ന നിലയിലും, ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ എന്ന നിലയിലും വരുന്നു. 2023ൽ റിപ്പോർട്ട് ചെയ്ത കണക്കിനേക്കാൾ ഇത് അൽപ്പം കുറവാണെങ്കിലും ഇത് കൊലപാതകങ്ങളുടെ എണ്ണത്തിൽ യഥാർത്ഥ കുറവുണ്ടായി എന്ന് സൂചിപ്പിക്കുന്നില്ല. പല രാജ്യങ്ങളിലും ഡാറ്റ ലഭ്യതയിലെ വ്യത്യാസങ്ങളാണ് ഈ സംഖ്യ കുറയാൻ പ്രധാന കാരണം.
കഴിഞ്ഞവർഷം നടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം ലോകത്ത് 83,000 സ്ത്രീകളാണ് മനഃപൂർവമുള്ള ഹത്യക്കിരയായത്. ഇതിൽ 50,000 പേർ പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈകൊണ്ടാണ് കൊല്ലപ്പെട്ടത്. ഇതേവർഷം കൊല്ലപ്പെട്ട പുരുഷന്മാരിൽ 11 ശതമാനം മാത്രമാണ് പങ്കാളികളാലോ ബന്ധുക്കളാലോ മരിച്ചത്.
കൊലപാതക സാധ്യതയുടെ കാര്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ ഇടം അവരുടെ വീടുകൾ തന്നെയാണ് എന്ന് ഈ പഠനം പറയുന്നു. ഈ സ്ഥിതി മാറ്റാൻ മികച്ച പ്രതിരോധമാർഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും യു.എൻ.ഒ.ഡി.സി ആക്ടിങ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ ബ്രൻഡോലിനോ പറഞ്ഞു. “ഫെമിസൈഡ് ഒറ്റപ്പെട്ട സംഭവങ്ങളല്ല. നിയന്ത്രിക്കാനുള്ള ശ്രമം, ഭീഷണികൾ, ഓൺലൈനിലൂടെയുള്ള ഉപദ്രവം ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ തുടർച്ചയാണ് ഈ കൊലപാതകങ്ങൾ” എന്ന് യു.എൻ വിമൻ പോളിസി ഡിവിഷൻ ഡയറക്ടർ സാറാ ഹെൻഡ്രിക്സ് പ്രസ്താവനയിൽ പറഞ്ഞു.
ഡിജിറ്റൽ അതിക്രമങ്ങൾ പലപ്പോഴും യഥാർത്ഥ ലോകത്തേക്ക് വ്യാപിക്കുകയും, ഏറ്റവും മോശം സാഹചര്യങ്ങളിൽ കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള അതിക്രമങ്ങളെ തിരിച്ചറിയുന്ന നിയമങ്ങൾ വേണമെന്നും സാറാ ഹെൻഡ്രിക്സ് പറഞ്ഞു. പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതൽ ആഫ്രിക്കയിലാണെന്നും റിപ്പോർട്ട് പറയുന്നു. 1,00,000 സ്ത്രീകളിൽ മൂന്നുപേർ എന്ന നിരക്കിലാണിത്. തെക്കും വടക്കും അമേരിക്കകളും (1.5) ഓഷ്യാനിയയുമാണ് (1,4) തൊട്ടുപുറകിൽ. 0.7 നിരക്കുമായി ഏഷ്യ മൂന്നാം സ്ഥാനത്താണ്.

Post a Comment