പാലക്കാട്:
ബിഹാറിൽനിന്ന് കേരളത്തിൽ പഠിക്കാനെത്തിയ 23 കുട്ടികളെ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ പൊലീസ് പിടികൂടി. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) കൈമാറി.
ബിഹാറിലെ കിഷൻഗഞ്ച് സ്വദേശികളാണ് കുട്ടികൾ. 10നും 14നും ഇടയിൽ പ്രായമുള്ളവരാണ്. കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടുമാസത്തെ കോഴ്സിനായാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു. സ്ഥാപനത്തിന്റെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് 23 കുട്ടികളുമായി രണ്ടുപേർ പാലക്കാട് ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. കുട്ടികളുടെ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി. കുട്ടികളുടെ രേഖകൾ ഇന്ന് ഹാജരാക്കാൻ സ്ഥാപനത്തോട് സി.ഡബ്ല്യു.സി ആവശ്യപ്പെട്ടിട്ടുണ്ട്.
2014 മേയിൽ കേരളത്തിൽ പഠിക്കാനെത്തിയ 600 ഓളം കുട്ടികളെ പിടികൂടി തിരിച്ചയച്ച സംഭവം ഏറെ വിവാദമായിരുന്നു. കുട്ടിക്കടത്ത് ആരോപിച്ചാണ് അന്ന് കുട്ടികളെ പഠിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചത്. ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ളവരായിരുന്നു വിദ്യാർഥികളിൽ അധികവും. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കേരള പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്നാണ് അവരെ പിടികൂടി തിരച്ചയച്ചത്.

إرسال تعليق