പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നാല് പുതിയ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

പുത്തരിക്കണ്ടം മൈതാനത്തേക്ക് വരുന്ന വഴി പ്രധാനമന്ത്രി കിഴക്കേകോട്ടയില്‍ റോഡ് ഷോ നടത്തും. 12. 40ഓടെ പ്രധാനമന്ത്രി മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തില്‍
ഗതാഗത നിയന്ത്രണം ഉണ്ടാകും. പരിപാടിയില്‍ അതിവേഗ റെയില്‍വേപാത ഉള്‍പ്പെടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ വരവ് വലിയ ആഘോഷമാക്കി മാറ്റുകയാണ് ബിജെപി നേതൃത്വം.

"തിരുവനന്തപുരം നഗരസഭയില്‍ അധികാരത്തിലെത്തിയ ബിജെപി 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത് . അധികാരമേറ്റ് ഇരുപത്തി ഏഴാം ദിവസം തന്നെ അത് സംഭവിക്കുകയാണ്. നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതോടെ ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കൂടി തുടക്കമാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രധാനമന്ത്രിയുടെ എത്തുന്നതിന് തൊട്ടുതലേന്നുള്ള ട്വന്റി-ട്വന്റിയുടെ എന്‍ഡിഎ പ്രവേശം രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്. മൂന്ന് വന്‍കിട പദ്ധതികളുടെ ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. കൂടാതെ അതിവേഗ റെയില്‍, തിരുവനന്തപുരം നഗരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കുക തുടങ്ങി സര്‍പ്രൈസ് പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് വിവരം. തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചെങ്കിലും അത് ഉണ്ടാകില്ലെന്നാണ് മേയര്‍ വി വി രാജേഷ് മാധ്യമങ്ങളെ കണ്ട് അറിയിച്ചത്. എന്നാല്‍, വാര്‍ഡുകളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളില്‍ ക്രോഡീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതിനോടകം എത്തിച്ചതായാണ് ആണ് വിവരം.

പ്രധാനമന്ത്രിയുടെ വരവ് വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്നാണ് എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുട വികസിത് ഭാരത് സങ്കല്‍പ്പത്തില്‍ നിന്ന്‌കേരളത്തെ തഴുന്നത് ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫും യുഡിഎഫും പ്രധാനമന്ത്രിയുടെ വരവില്‍ ചര്‍ച്ച ഉയര്‍ത്തുന്നത് .
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനുള്ള സഹായം നല്‍കാത്തതിനെ ചൊല്ലി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Post a Comment

أحدث أقدم