താമരശ്ശേരി:
താമരശ്ശേരി അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളിലെ നാലായിരത്തോളം വരുന്ന കുടുംബങ്ങളെ ദുരിതത്തിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും, ശുചിത്വമിഷനും ഒത്താശ ചെയ്യുകയാണ്.
ഒരു നാടിനെയും ജനതയെയും വെല്ലുവിളിച്ചു കൊണ്ട് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അടച്ചു പൂട്ടുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം.
ബാബു പറശ്ശേരി പ്രസിഡന്റായ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് ജില്ലാ പഞ്ചായത്ത് പ്രോജക്ട് എന്ന നിലയില്‍ ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റ് ഇരുതുള്ളി പുഴയോരത്ത് അനധികൃതമായി സ്ഥാപിച്ചത്. കഴിഞ്ഞ ആറു വര്‍ഷക്കാലമായി പ്ലാന്റ് പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കി കൊണ്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. അസഹനീയമായ ദുര്‍ഗന്ധവും വായു മലിനീകരണവും ഇരുതുള്ളി പുഴ മലിനീകരണവും ആണ് നാട്ടുകാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം.
റെഡ് കാറ്റഗറിയിലുള്ള സ്ഥലത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറില്‍ നിന്നും തെറ്റായ രീതിയിലൂടെ നേടിയ പ്രത്യേക അനുമതിയോടെയാണ് ഈ കമ്പനി പ്രവര്‍ത്തിച്ചു വരുന്നത്. ജനങ്ങളുടെ പരാതിയും ദുരിതവും കണക്കിലെടുത്ത് ഈ സ്ഥാപനത്തിന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന അനുമതി നിഷേധിച്ചിരുന്നു. മാത്രമല്ല ഈ കമ്പനി പലതവണയായി നടത്തിയ നിയമലംഘനം കണക്കിലെടുത്ത് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് കാണിച്ച് മലിനീകരണം നിയന്ത്രണ ബോര്‍ഡ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഒത്താശയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.
ഇരുതുള്ളി പുഴയിലേക്ക് ഈ സ്ഥാപനം മലിനജലം ഒഴുക്കി വിടുന്നതായി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ കവര്‍ന്ന പ്രസ്തുത സ്ഥാപനം അവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണം. കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് ഈ പ്രദേശം കടന്നുപോകുന്നത്. പല വീടുകളിലും പട്ടിണിയാണ്. രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. കുടുംബ നാഥന്‍മാര്‍ എവിടെയെന്ന് അറിയില്ല. പലരും ഒളിവിലാണ്. അന്നം കൊണ്ടുവരേണ്ടവര്‍ അകലെയായതോടെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഈ ഒരവസ്ഥക്ക് പരിഹാരം വേണം.
സമരം അടിച്ചൊതുക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗൂഡാലോചന നടന്നതായി നേരത്തെ സമരസമിതി ഉന്നയിച്ച കാര്യങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ഡി.ഐ.ജിക്കെതിരെ നടന്ന അന്വേഷണം. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയും കൃത്യമായ തെളിവുകളും ഐ.ജിക്ക് കൈമാറി ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്. ഡി.ഐ.ജിയും കമ്പനി അധികൃതരും തമ്മിലുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഡി.ഐ.ജിക്കെതിരെ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരം പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment