തിരുവനന്തപുരം: എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതിനാൽ പ്രവാസികളുടെ ബന്ധുക്കളും പ്രതിസന്ധിയിലാണ്. പ്രാവാസി വോട്ടർമാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഫോം 6A പ്രകാരം അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപെടുത്തുന്നതിന് പകരം ഓഫ് ലൈനായി അപേക്ഷ നൽകനാണ് നിർദേശിച്ചിരുന്നത്. ഇങ്ങനെയുള്ള പല വോട്ടർമാരും ഇന്ത്യക്ക് പുറത്താണ് നിലവിലുള്ളത്. ഇവരുടെ ബന്ധുക്കൾ വേണം ബിഎൽഒക്ക് അപേക്ഷ നൽകാൻ.അതേസമയം, പ്രവാസി വോട്ടർമാർ ഫോം 6A പ്രകാരം ഓൺലൈനായി അപേക്ഷിക്കുമ്പോൾ വോട്ടർ ഏത് ബൂത്തിലാണെന്ന് കണ്ടെത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടില്ല. പല അപേക്ഷകരുടെ ബന്ധുക്കളും നേരിട്ട് ഇആർഒയുടെ അടുത്തെത്തി ബൂത്ത് ഏതാണെന്ന് അങ്ങോട്ട് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.അല്ലാത്ത അപേക്ഷകളിൽ ബിഎൽഒക്ക് ഫോം 6 A അപേക്ഷ കൈമാറാൻ ഇആർഒമാർക്ക് കഴിയുന്നില്ല. അതിനാൽ മേൽവിലാസം നോക്കി ഇആർഒ വില്ലേജ് ഓഫീസർക്ക് അയക്കുന്നു. വില്ലേജ് ഓഫീസർ ഒരോ ബിഎൽഒയോടും ഈ അപേക്ഷ ഏത് ബൂത്തിലാണെന്ന് അന്വേഷിക്കുന്നു. പ്രവാസി വോട്ടർമാരുടെ എസ്‌ഐആറിലെ അപേക്ഷ ഉദ്യോഗസ്ഥർ പരസ്പരം തട്ടികളിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Post a Comment