കുണിയ : (കാസർകോട്) :
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൈതൃകവും ആദർശവിശുദ്ധിയും പുതുതലമുറയ്ക്കു കൈമാറുന്ന സമസ്ത ശതാബ്ദി സമ്മേളനത്തിന് ഇന്നു വൈകിട്ട് 4ന് കുണിയയിൽ കൊടിയേറും. 'ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിലാണു സമ്മേളനം. സമ്മേളന നഗരിയിലേക്കുള്ള 100 പതാകകൾ ഇന്ന് ഉച്ചയ്ക്ക് 2നു തളങ്കര മാലിക് ദീനാർ മഖ്ബറയിൽനിന്നു പുറപ്പെടും. വൈകിട്ട് 3.30ന് 3313 വിഖായ വൊളന്റിയർമാരുടെ അകമ്പടിയോടെ പതാകകൾ സമ്മേളന നഗരിയിലേക്ക് ആനയിക്കും. :

വൈകിട്ട് 4.30നു സമ്മേളന നഗരിയിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. തുടർന്ന് 99 പതാകകളും ഉയർത്തുന്നതോടെ 5 ദിവസം നീളുന്ന സമ്മേളനത്തിനു തുടക്കമാകും.

പതിനായിരത്തോളം പ്രബോധകർക്കുള്ള ദാഈ പഠന ക്യാംപ് ഇന്നു രാത്രി 7നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. ദാഈ ക്യാംപ് നാളെ വൈകിട്ട് സമാപിക്കും. ശേഷം ആത്മീയസംഗമം നടക്കും.

സമ്മേളനത്തിൻ്റെ ഭാഗമായി ഉയർത്താനുള്ള പതാകകൾ കോഴിക്കോട് വരക്കൽ മഖാമിൽനിന്ന് ഇന്നലെ വൈകുന്നേരം കാസർകോട് തളങ്കര മാലിക് ദിനാർ മഖാമിലെത്തിച്ചപ്പോൾ വൻ വരവേൽപ്. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലു ല്ലൈലിയുടെ നേതൃത്വത്തിലാണു പതാകകൾ തളങ്കരയിലെത്തിച്ചത്.

Post a Comment

أحدث أقدم