കൊച്ചി:
ബിവറേജ് കോർപറേഷൻ (ബെവ്കോ) പുറത്തിറക്കുന്ന മദ്യത്തിന്റെ പേരിടൽ മത്സരത്തിന്റെ എല്ലാ തുടർനടപടികളും ഹൈകോടതി സ്റ്റേ ചെയ്തു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം സഞ്ജീവ് കുമാർ നൽകിയ ഹരജിയിലാണ് നടപടി. ബെവ്കോയുടെ കീഴിൽ മലബാർ ഡിസ്‌റ്റിലറീസ് നിർമിക്കുന്ന പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് സഞ്ജീവ് കുമാർ ഹൈകോടതിയെ സമീപിച്ചത്.
ബെവ്കോ നടപടി അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്നും സർക്കാർ സ്ഥാപനം തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹരജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിൽ വാദം നടക്കുന്നതിനിടയിൽ ബിവറേജ് കോർപറേഷനും നിലപാട് വ്യക്തമാക്കി. ഇത്തരത്തിലൊരു ബ്രാൻഡി നിർമിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് ഒരു തരത്തിലുള്ള പരസ്യമോ വിജ്ഞാപനമോ പുറത്തിറക്കിയിട്ടില്ലെന്നായിരുന്നു ബെവ്കോ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനെതിരെ മലബാർ ഡിസ്റ്റിലറീസും രംഗത്തെത്തി.
തുടർവാദങ്ങൾ കേൾക്കുന്നതുവരെ മത്സരം നടത്തുന്ന നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാർച്ച് 12ന് കോടതി വീണ്ടും കേസ് പരിഗണിക്കും. മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന തരത്തിലുള്ള പരസ്യം നേരത്തെ വിവാദമായിരുന്നു.

Post a Comment