കേരളത്തിൽ നേറ്റിവിറ്റി കാർഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം അവസാനിച്ച നിയമസഭാ സമ്മേളനത്തിലാണ് നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കിയത്. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത് കേരളം നൽകുന്ന ഉറപ്പാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽപങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ എന്നും അദ്ദേഹം പറഞ്ഞു. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026.
ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും,
അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസ്സാക്കിയത്.
സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും.
ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ.

Post a Comment