കോഴിക്കോട്: 
കോഴിക്കോട് മുഖ്യഖാസിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയെ തിരഞ്ഞെടുത്തു. ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കുറ്റിച്ചിറ മിശ്‌കാൽ പള്ളി കമ്മിറ്റിയുടേതാണ് തീരുമാനം.

ആറര നൂറ്റാണ്ടിലധികം പഴക്കമുള്ള കോഴിക്കോട്ടെ ഖാസി പരമ്പരയുടെ തുടർച്ചയായാണ് ഈ നിയമനം നടക്കുന്നത്. ഖാസി ഫക്രുദ്ധീൻ ഉസ്‌മാനിൽ നിന്നാരംഭിച്ച ഈ പാരമ്പര്യം മിശ്‌കാൽ പള്ളി കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. ഖാസി റമസാൻ, ഖാസി അലിയ്യുൽ നാശിരി, ഖാസി മുഹമ്മദ്, ഖാസി സദഖത്തുല്ല, ഖാസി പി.വി. മാമുക്കോയ, ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവി എന്നിവർ ഈ പരമ്പരയിലെ പ്രമുഖ ഖാസിമാരായിരുന്നു.

വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ മുഹമ്മദ് കോയ തങ്ങൾ നിലവിൽ മുന്നൂറിലേറെ മഹല്ലുകളുടെ ഖാസിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്ന് ഫൈസി ബിരുദം നേടി. സമസ്ത നാഷണൽ എഡ്യുക്കേഷണൽ കൗൺസിൽ അംഗം, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്, സുപ്രഭാതം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മിശ്കാൽ പള്ളി കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് പി.ഒ. ഹാഷിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സി.ബി.വി. സിദ്ധീഖ്, പി.വി. ഹസൻകോയ, അഡ്വ. കെ.വി. അബ്‌ദുൾ സലാം, സയ്യിദ് ജിഫ്രി ഹാഷിം തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എൻ. ഉമ്മർ സ്വാഗതവും എം.വി. അബ്ദുള്ളക്കോയ നന്ദിയും പറഞ്ഞു.

ഏപ്രിൽ രണ്ടാം വാരം മിശ്‌കാൽ പള്ളി അങ്കണത്തിൽ വെച്ച് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ സ്ഥാനാരോഹണം നടക്കും.

Post a Comment

Previous Post Next Post