കൂടരഞ്ഞി : 
ഇടവേളയ്ക്ക് ശേഷം വീണ്ടും പൂവാറൻതോട്ടിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് പ്രദേശത്തെ ഇടവന വിനോദിന്റെ കൃഷിയിടത്തിലേക്ക് കാട്ടാനകൾ കയറി നാശനഷ്ടം വിതച്ചത്.
തെങ്ങ്, കവുങ്ങ്, വാഴ മറ്റ് കൃഷികൾ ഉൾപ്പെടെ വലിയ തോതിൽ നശിച്ച നിലയിലാണ്. 

ഏറെ പരിശ്രമത്തോടെ വളർത്തിയ വിളകൾ ഒറ്റ രാത്രി കൊണ്ട് നശിച്ചതോടെ കർഷകർ ആശങ്കയിലും നിരാശയിലുമാണ്. പ്രദേശത്ത് ഹാഗിംഗ് സോളാർ ഫെൻസിംഗ് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും, പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല. ഇതാണ് കാട്ടാനകൾക്ക് കൃഷിയിടങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുകയറാൻ വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബുവിന്റെയും വാർഡ് മെമ്പർ റോയി ആക്കേലിന്റെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. 

ഫെൻസിംഗ് പ്രവർത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

ഫോറസ്റ്റ് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ പ്രദേശവാസികളെയും ഉൾപ്പെടുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരും കോൺട്രാക്ട്ടറും പങ്കാളികളാകുന്ന യോഗം വിളിച്ച് ചേർത്ത് പ്രശ്നത്തിന് സ്ഥിരപരിഹാരം കാണാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും പ്രസിഡണ്ട് വ്യക്തമാക്കി.

മലയോര മേഖലയിലെ കാട്ടാന ശല്യം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

Post a Comment

أحدث أقدم