കൊച്ചി: സംഭാവനകൾ സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള രജിസ്ട്രേഷൻ പുതുക്കാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി. കോഴിക്കോട് മുക്കം മുസ്‍ലിം ഓർഫനേജ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ നടപടി.
വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള രജിസ്ട്രേഷൻ 1985 ലാണ് സ്ഥാപനത്തിന് ലഭിച്ചത്. 2021ൽ രജിസ്ട്രേഷൻ പുതുക്കാൻ ഓർഫനേജ് കമ്മിറ്റി അപേക്ഷ നൽകിയെങ്കിലും മൂന്നുവർഷത്തിനുശേഷം 2024 കാരണം കാണിക്കാതെ തള്ളിയെന്ന് ഹരജിയിൽ പറയുന്നു. ഇതിനെതിരെ സർക്കാറിന് നൽകിയ റിവിഷൻ പെറ്റീഷനും തള്ളിയതിനെ തുടർന്നാണ് അഡ്വ. കെ.എ. ജലീൽ മുഖേന കോടതിയെ സമീപിച്ചത്.
തങ്ങളെ കേൾക്കാതെയും കാരണം കാണിക്കാതെയുമാണ് രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നിരസിച്ചതെന്നാണ് ഹരജിയിലെ വാദം.
1956ൽ സ്ഥാപിച്ച മുക്കം മുസ്‍ലിം ഓർഫനേജിന് കീഴിൽ അനാഥർക്കും പാവപ്പെട്ടവർക്കുംവേണ്ടി സ്‌കൂളുകളും കോളജുകളും നടത്തുന്നുണ്ട്. താമസ സൗകര്യവും വസ്ത്രങ്ങളും ഭക്ഷണവും പഠനോപകരണങ്ങളും നൽകുന്നതിനൊപ്പം അനാഥർക്ക് വീടുകൾ നിർമിച്ചുനൽകുകയും ചെയ്യുന്നു. കാൻസർ, കിഡ്‌നി രോഗബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പുറമെ കമ്മിറ്റി ഡയാലിസ് സെന്‍ററും നടത്തുന്നു.
പൂർവ വിദ്യാർഥികളും സാമൂഹിക സംഘടനകളുമടക്കം വിദേശത്തുനിന്ന് നൽകുന്ന സംഭാവനയാണ് ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
കടപ്പാട് : മാധ്യമം

Post a Comment