ചെന്നൈ: സർക്കാർ രൂപവത്കരിക്കാൻ അനുമതി തേടി ലോക്ഭവനിലെത്തിയ വിജയിയെയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളെയും വീണ്ടും തിരിച്ചയച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് ഗവർണർ ആവർത്തിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് വിജയ് ഗവർണറെ കണ്ടത്. ദയവായി 118 പേരുടെ പിന്തുണ കത്തുമായി വരൂ. ടി.വി.കെ കേവല ഭൂരിപക്ഷം തെളിയിച്ചാൽ സത്യപ്രതിജ്ഞ നടത്താമെന്നും ഗവർണർ വിജയിയോട് പറഞ്ഞു.

എം.എൽ.എമാർ ഒപ്പിട്ട കത്തു തന്നെ വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായാണ് വിവരം. മറ്റു പാർട്ടികളെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കില്ലെന്ന് ഗവർണർ വിജയിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മെയ് ഒമ്പതിനാണ് നിലവിലെ സർക്കാറിന്‍റെ കാലാവധി തീരുന്നത്. അതുകൊണ്ടു തന്നെ വിഷയത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്കു മുന്നിൽ സാവകാശമുണ്ട്. സർക്കാർ രൂപവത്കരിക്കാൻ അനുമതി തേടി ബുധനാഴ്ചയും വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണക്കത്ത് എത്തിക്കണമെന്ന് ഗവർണർ അറിയിച്ചതോടെയാണ് ടി.വി.കെ പ്രതിസന്ധിയിലായത്.

അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസിന്റെ പിന്തുണ മാത്രമാണ് ടി.വി.കെക്ക് ലഭിച്ചത്. മറ്റു പാർട്ടികളുടെ പിന്തുണയുണ്ടെന്ന് ഗവർണറെ അറിയിച്ച വിജയ്, ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല. ഗവർണറുടെ നിലപാടിനെതിരെ വിവിധ പാർട്ടി നേതാക്കൾ രംഗത്തെത്തി. വിജയിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) അധ്യക്ഷൻ തോൾ തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ബി.ജെ.പി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ സി.പി.ഐ തമിഴ്‌നാട് ഘടകവും ഗവർണറോട് ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാൻ വിജയിയോട് ആവശ്യപ്പെടുന്നത് "അനുചിതമാണെന്ന്" പാർട്ടി വ്യക്തമാക്കി. ഗവർണറുടെ നിലപാടിൽ ആശങ്ക രേഖപ്പെടുത്തിയ ടി.വി.കെ കോടതിയെ സമീപിക്കുമെന്നാണ് വിവരം. വിഷയത്തിൽ സി.പി.ഐ, സി.പി.എം, വി.സി.കെ എന്നിവരുടെ പിന്തുണ ടി.വി.കെക്ക് ലഭിച്ചിട്ടുണ്ട്. ഈ മൂന്ന് പാർട്ടികളും നിലവിൽ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണ്. വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നിൽനിന്ന് വിജയ് രാജി വെക്കുന്നതോടെ നിയമസഭയിൽ ടി.വി.കെയുടെ അംഗബലം 107 ആയി കുറയും. കോൺഗ്രസിന്‍റെ അഞ്ചു എം.എൽ.എമാരടക്കം 112 അംഗങ്ങളുടെ പിന്തുണയാണ് നിലവിൽ ടി.വി.കെക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് അഞ്ചു സീറ്റുകൾ കുറവാണ്. മുൻകാലങ്ങളിൽ പല സംസ്ഥാനങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ സർക്കാർ രൂപവത്കരിക്കാൻ ഗവർണർമാർ ക്ഷണിക്കുന്നതാണ് പതിവ്. നിശ്ചിത കാലാവധിക്കുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതി.

വ്യാഴാഴ്ച ചെൈന്ന ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു വിജയ് തീരുമാനിച്ചിരുന്നത്. 107 ടി.വി.കെ എം.എൽ.എമാരുടെയും അഞ്ച് കോൺഗ്രസ് എം.എൽ.എമാരുടെയും പേരുൾപ്പെട്ട പട്ടികയാണ് വിജയ് ഗവർണർക്ക് കൈമാറിയത്. 234 അംഗ നിയമസഭയിൽ 108 സീറ്റാണ് ടി.വി.കെക്ക്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് ആവശ്യം. വിജയ് യെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമെന്നും നിശ്ചിത കാലാവധിക്കുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന നിബന്ധന ഗവർണർ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, കേവല ഭൂരിപക്ഷത്തിനാവശ്യമായ മുഴുവൻ എം.എൽ.എമാരുടെയും പട്ടിക സമർപ്പിക്കണമെന്നാണ് ലോക്ഭവൻ ആവശ്യപ്പെടുന്നത്.

രണ്ടുവീതം സീറ്റുള്ള, ഡി.എം.കെ സഖ്യത്തിലെ വി.സി.കെ, സി.പി.എം, സി.പി.ഐ എന്നിവർക്ക് പിന്തുണ തേടി വിജയ് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ, മതേതര രാഷ്ട്രീയ ശക്തികളോടൊപ്പം മാത്രമേ സി.പി.എം നിലകൊള്ളുകയുള്ളൂവെന്ന് ഷൺമുഖം പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
 

Post a Comment

أحدث أقدم